31 July, 2025 07:29:14 PM


കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു



ആലപ്പുഴ: അര നൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്ന കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉള്‍പ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളില്‍ നിറസാനിധ്യമായിരുന്നു.

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് രാജേന്ദ്രന്‍ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതനാവുന്നത്. പടവലം കുട്ടന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഉപ്പും മുളകിലും അവതരിപ്പിച്ചത്. നിഷ സാരംഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. ഉപ്പും മുളകും കൂടാതെ സീ കേരളം, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളില്‍ വ്യത്യസ്ത പരമ്പരകളിലായി രാജേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K