24 October, 2025 12:47:53 PM
പരസ്യ ചിത്രങ്ങളുടെ ഇതിഹാസ സൃഷ്ടാവ് പിയൂഷ് പാണ്ഡെ അന്തരിച്ചു

ഇന്ത്യന്‍ പരസ്യലോകത്തെ രാജാവ് പീയുഷ് പാണ്ഡേ (70) വിടവാങ്ങി. അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ ജനപ്രിയമായ ഒട്ടുമിക്ക പരസ്യങ്ങളുടേയും സൃഷ്ടവാണ് വിടവാങ്ങിയത്. കാഡ്ബറി, ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയുടെ ശ്രദ്ധേയമായ പരസ്യങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് പീയുഷ് പാണ്ഡേയായിരുന്നു.
നാല് പതിറ്റാണ്ടോളം ഇന്ത്യന്‍ പരസ്യരംഗത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് പീയുഷ് പാണ്ഡേ. ജനപ്രിയ പരസ്യങ്ങള്‍ നിര്‍മിച്ച ഒഗില്‍വിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായിരുന്നു. 1982 ൽ ഒഗില്‍വിയില്‍ എത്തിയ പിയുഷ് പാണ്ഡേ സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിന്റെ പരസ്യത്തിലൂടെയാണ് കരിയര്‍ തുടങ്ങിയത്. ഇന്ത്യന്‍ പരസ്യമേഖലയുടെ മുഖവും ആത്മാവും സൃഷ്ടിച്ച പ്രതിഭയെന്നാണ് പീയുഷ് പാണ്ഡേയെ വിശേഷിപ്പിക്കുന്നത്.
സെക്കന്റുകള്‍ മാത്രമുള്ള പരസ്യങ്ങളിലൂടെ വലിയ കഥകഥള്‍ തന്നെ പറഞ്ഞ് ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച വ്യക്തിയാണ് പീയുഷ് പാണ്ഡേ. പാശ്ചാത്യശൈലിയില്‍ നിന്ന് മാറി ഇന്ത്യയുടെ ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പരസ്യങ്ങളുടെ പ്രത്യേകതയും വിജയവും. പ്രാദേശിക ഭാഷാശൈലിയിലേക്ക് പരസ്യങ്ങളെ വഴിതിരിച്ചു നടത്തിയെന്നതായിരുന്നു അദ്ദേഹത്തിന്റെ വിജയം.
2018-ൽ സഹോദരൻ പ്രസൂൺ പാണ്ഡെക്കൊപ്പം കാൻസ് ലയൺസിന്റെ പരമോന്നത ബഹുമതിയായ 'ലയൺ ഓഫ് സെന്റ് മാർക്ക്' നേടുന്ന ആദ്യ ഏഷ്യക്കാരനായി. 2004-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിലെ ആദ്യ ഏഷ്യൻ ജൂറി പ്രസിഡന്റായും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. കൂടാതെ, ഇന്ത്യൻ പരസ്യരംഗത്തുനിന്ന് ആദ്യമായി പത്മശ്രീ (2016) നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. വിനയവും ലാളിത്യവും കൈവിടാതെ നിന്ന ഈ ഇതിഹാസത്തിന്റെ വിയോഗം ക്രിയേറ്റീവ് ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. 
                                
                                        


