09 October, 2025 08:06:21 PM
സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി. സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല സിനിമ നിര്‍മ്മാതാവും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. 1944ൽ കൊല്ലത്താണ് സ്റ്റാൻലിയുടെ ജനനം.മൂന്ന് പതിറ്റാണ്ടുകാലം മദ്രാസില്‍ സിനിമാരംഗത്ത് എ വിന്‍സന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാര്‍പ്പിന്റെ മകനായി 1944ല്‍ കൊല്ലത്ത് ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ക്രേവന്‍ സ്‌കൂളിലായിരുന്നു. മദ്രാസ് ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ജേര്‍ണലിസവും ഫിലിം ഡയറക്ഷനില്‍ പരിശീലനവും നേടി. 1965ല്‍ കൊല്ലത്ത് സിതാര പ്രിന്റേഴസ് ആരംഭിച്ചു. 1966 മുതല്‍ മദ്രാസിലേക്കുപോയി. 1990ല്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥിര താമസമാക്കി. 'വാസ്തുകലാപീഠം' എന്ന കെട്ടിടനിര്‍മ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും, വാസ്തു കണ്‍സള്‍ട്ടന്റുമായിരുന്നു.
വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായിരുന്നു സ്റ്റാൻലി.  തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനികൾ നിർമിച്ചിട്ടുണ്ട്.
കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുറത്തിൻ്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നിവ സ്റ്റാൻലി എഴുതിയ നോവലുകളാണ്. ഒരിടത്തൊരു കാമുകി കഥാസമാഹാരമാണ്.വാസ്‌തുസമീക്ഷ (ശാസ്ത്ര പുസ്‌തകം),ഓർമകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിൻ്റെ അടിക്കുറിപ്പുകൾ (ഓർമക്കുറിപ്പുകൾ) എനിവയാണ് മറ്റ് പ്രധാന കൃതികൾ.
                                
                                        


