14 August, 2025 11:38:52 AM


മുന്‍ ഇന്ത്യന്‍ ഹോക്കി താരം വെസ് പേസ് അന്തരിച്ചു



കൊല്‍ക്കത്ത: ഒളിമ്പിക് ഹോക്കി വെങ്കല മെഡല്‍ ജേതാവും ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവുമായ ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന വെസ് പേസിനെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 
 
ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവായ വെസ് പേസ് ഹോക്കി താരമായിരുന്നു. 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ കായികരംഗവുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോക്കി ടീമിലെ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം ഫുട്‌ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയിച്ചു. 

1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്‌ബോള്‍ യൂണിയന്റെ പ്രസിഡന്റായിരുന്നു. സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡോക്ടറായ വെസ് പേസ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്, ഇന്ത്യന്‍ ഡേവിസ് കപ്പ് ടീം എന്നിവയുള്‍പ്പെടെ നിരവധി കായിക സംഘടനകളില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920