10 September, 2025 09:28:43 AM
തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ എം.നന്ദകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുൻ തിരുവനന്തപുരം ജില്ലാ കളക്ടറും പിആർഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തിൽ എം നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് കോമയിലായ നന്ദകുമാർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.
ഭൗതികദേഹം ഇന്നു രാവിലെ 9.30 മുതൽ ഉച്ചവരെ ജവഹർനഗർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തിൽ.
മികച്ച പ്രാസംഗികനും എഴുത്തുകാരനും ജ്യോതിഷിയുമായിരുന്നു നന്ദകുമാർ. സംഖ്യാശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്ന അദ്ദേഹം മിത്രൻ നമ്പൂതിരിപ്പാടിൽ നിന്നും മന്ത്രദീക്ഷ സ്വീകരിച്ചശേഷം ഹസ്തരേഖാ ശാസ്ത്രത്തിലും പ്രാവീണ്യം നേടി.
                    
                                
                                        


