25 July, 2025 11:22:26 AM


ഡബ്ല്യു ഡബ്ല്യു ഇ ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു



ഫ്ലോറിഡ: ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ലോറിഡയിലുള്ള ഹോഗന്‍റെ വീട്ടിലായിരുന്നു അന്ത്യം. അടിയന്തര വൈദ്യസഹായം തേടി ഹോഗന്‍റെ വീട്ടിൽ നിന്ന് ഫോണ്‍ സന്ദേശം വന്നിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം കഴുത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഹള്‍ക്ക് ഹോഗന്‍ അബോധവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഭാര്യ സ്കൈ തള്ളിക്കളഞ്ഞിരുന്നു.

റസ്‌ലിംഗ് പ്രചാരം നേടിയ 1980കളിലും 1990കളിലും ഡബ്ല്യു ഡബ്ല്യു ഇ(വേള്‍ഡ് റസ്‌ലിംഗ് എന്‍റര്‍ടെയിൻമെന്‍റ്) ഗുസ്തി മത്സരങ്ങളില്‍ സൂപ്പര്‍താരമായി മാറിയ ഹള്‍ക്കിന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. 1990 കളിൽ ടെലിവിഷൻ പ്രചാരത്തിൽ ആയതോടെ ഇന്ത്യയിലും ഹൾക്ക് ഹോഗന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായി. ആന്ദ്രെ ദ് ജയന്‍റിനെതിരായ നിലത്തടിച്ചുവീഴ്ത്തിയ ഹൾക്കിന്‍റെ പോരാട്ടം ഡബ്ല്യു ഡബ്ല്യു ഇ ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

റിംഗിലെ തന്‍റെ അതിമാനുഷ പരിവേഷം കൊണ്ട് ആരാധകരെ കൈയിലെടുക്കുകയും എതിരാളികളെ വിറപ്പിക്കുകയും ചെയ്ത ഹൾക്ക് എണ്‍പതുകളില്‍ ഡബ്ല്യുഡബ്ല്യുഇ(അന്ന് ഡബ്ല്യുഡബ്ല്യുഎഫ്)യെ ഒറ്റക്ക് ചുമലിലേറ്റി. 2015ല്‍ നടത്തിയ വംശീയ പരാമര്‍ശം ഹൾക്ക് ഹോഗന്‍റെ കരിയറിലെ കറുത്തപാടായി അവശേഷിക്കുകയും ഗുസ്തി കരിയറിന് വിരാമമിടുകയും ചെയ്തു. 2025ല്‍ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിക്കായി വീണ്ടും റിംഗിലെത്തിയ ഹള്‍ക്ക് ഹോഗനെ കൂവവലോടെയാണ് കാണികള്‍ വരവേറ്റത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954