04 August, 2025 11:02:10 AM


ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു



റാഞ്ചി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാര്‍ത്തയറിയിച്ചത്. 'ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി' എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.

സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926