01 August, 2025 10:48:47 PM
നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചോറ്റാനിക്കര: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂം ബോയ് ആണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്.കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ച, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്‌നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍.