23 August, 2025 09:29:22 AM
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ്.സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.ആന്ധ്രാ പ്രദേശില്‍ നിന്നു രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തെലങ്കാനയിലെ മഹ്ബൂബ്നഗര്‍ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. എല്‍എല്‍എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്കു മാറ്റി. രണ്ടു തവണ എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അധ്യക്ഷനായി. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ സംസ്ഥാന ആന്ധ്രാപ്രദേശ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. ബികെഎംയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012-ല്‍ എ ബി ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സുധാകര്‍ റെഡ്ഡി.