19 September, 2025 09:40:52 AM
തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാനടനും ഹാസ്യകലാകാരനുമായ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കറിനെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം. മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജില്‍ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കര്‍ എന്നപേരു ലഭിച്ചത്.
സ്റ്റാര്‍ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ല്‍ റോബോ ശങ്കര്‍ വെള്ളിത്തിരയിലെത്തുന്നത്. മാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളില്‍ നിര്‍ണായക കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.