28 September, 2025 06:48:56 PM
സിപിഐഎം നേതാവ് പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരൻ അന്തരിച്ചു

പഴയങ്ങാടി (കണ്ണൂര്‍): സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍(90) അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ട. അധ്യാപകനും പൊതു-സാംസ്‌കാരിക  പ്രവര്‍ത്തകനുമായിരുന്നു. സിപിഎം വീരഞ്ചിറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ അതിയടം ഈസ്റ്റ് ബ്രാഞ്ച് അംഗവുമാണ്. അധ്യാപക സംഘടനയായ കെജിടിഎയുടെ നേതൃനിരയിലും കര്‍ഷകസംഘം ചെറുതാഴം ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. 
പി.കെ. സുധീര്‍ ഏകമകന്‍. മരുമകള്‍: ധന്യ സുധീര്‍. ചെറുതാഴം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതരായ ഇ. നാരായണന്‍ മാസ്റ്റര്‍, റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അതിയടം പൊതുശ്മശാനത്തില്‍. 
                    
                                
                                        


