14 July, 2025 10:14:16 AM
വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം

വാണിയംകുളം: പാലക്കാട് വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതിയാണ് മരിച്ചത് (64). ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഇന്നലെ അർദ്ധരാത്രിയോടെയാണ് ഡയാലിസിസ് കഴിഞ്ഞ് പത്മാവതിയും കുടുംബവും ആശുപത്രിയിൽ നിന്നിറങ്ങിയത്. ആശുപത്രിയിൽ നിന്നുമിറങ്ങി മുന്നൂറ് മീറ്റർ മാത്രമേ ഇവർ എത്തിയിരുന്നൊള്ളൂ. ഇതിനിടെ ലോറി പത്മാവതിയും കുടുംബവും സഞ്ചരിച്ച ഓട്ടോയ്ക്ക് നേരെ പാഞ്ഞ് വന്ന് ഇടിച്ചിടിക്കുകയായിരുന്നു. പത്മാവതിയെ വേഗം തന്നെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഇവരുടെ മക്കൾ പ്രസീജ, ജിഷ, മരുമകൻ അയ്യപ്പദാസ് എന്നിവർക്കും പരിക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.