10 July, 2025 09:36:52 AM


പാലക്കാട് ചതുപ്പില്‍ യുവാവിന്‍റെ മൃതദേഹം; സ്ത്രീയുള്‍പ്പെടെ 2 പേര്‍ കസ്റ്റഡിയില്‍



പാലക്കാട് : നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ചനിലയില്‍. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ താന്തോണിമലൈ വെള്ളഗൗണ്ടന്‍ നഗറിലെ പി മണികണ്ഠന്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള വാലിപ്പറമ്പ് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുള്‍പ്പെടെ മറ്റ് രണ്ട് പേര്‍ക്കൊപ്പം യുവാവ് മുറിയെടുത്തിരുന്നു. ഇതേ ഹോട്ടലിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. രക്തവും മദ്യവും ഭക്ഷണവും ഛര്‍ദിച്ച നിലയില്‍ മലര്‍ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പുല്ലുനിറഞ്ഞ പറമ്പില്‍ എങ്ങനെ യുവാവ് എത്തിയെന്നുള്‍പ്പെടെ അന്വേഷിക്കുകയാണ് പൊലീസ്. ഞായറാഴ്ച രാത്രി 10.30-ഓടെയാണ് മണികണ്ഠനും മറ്റ് രണ്ട് പേരും ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച മണികണ്ഠന്‍ മാത്രം മടങ്ങുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. മറ്റ് രണ്ട് പേര്‍ ബുധനാഴ്ചയും മുറിയൊഴിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരിക്കാം യുവാവ് മരിച്ചിട്ടുണ്ടാകുക എന്നാണ് പൊലീസ് വിലയിരുത്തല്‍.

കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ എത്താനാകു എന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ മതിലില്‍ നിന്ന് വീഴാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ക്ക് പുറമെ പൊലീസ് നായയയെ ഉള്‍പ്പെടെ എത്തിച്ച് പരിശോധന നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K