27 June, 2025 09:17:34 AM


ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി



പാലക്കാട്: ഗായത്രിപ്പുഴയില്‍ തരൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നില്‍ ഭാരതപ്പുഴയിലെ കടവില്‍ ആണ് മൃതദേഹം അടിഞ്ഞത്. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകന്‍ പ്രണവാണ് (21) മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് അന്‍പത് കിലോമീറ്ററിലേറെ മൃതദേഹം ഒഴുകിപ്പോയി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാന്റ്സ് ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.

തരൂര്‍ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ടാണ് പ്രണവ് അപകടത്തില്‍പ്പെട്ടത്. ആലത്തൂര്‍ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് പ്രണവ്. പ്രണവിന്റെ മൃതദേഹം പോലീസ് പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രണവിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാവശ്ശേരി കഴനി കിഴക്കേപ്പാടത്തെ വീട്ടിലെത്തിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941