26 June, 2025 09:46:34 AM


ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി



പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് എതിരെ നടപടി. ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ മാനേജ്‌മെന്റ് പുറത്താക്കി. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ (14)യുടെ മരണത്തിന് കാരണം സ്‌കൂളധികൃതരുടെ മാനസിക പീഡനമാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കുട്ടിയുടെ മരണത്തിന് പിന്നാലെ രക്ഷിതാക്കളും വിദ്യാര്‍ഥി, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു.

തിങ്കളാഴ്ച സ്‌കൂള്‍ വിട്ടുവന്നതിന് പിന്നാലെ ആയിരുന്നു ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയെ വീടിന്റെ രണ്ടാംനിലയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പരാതി. എന്നാല്‍, ആരോപണം തള്ളി ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രംഗത്തെത്തി. വിദ്യാര്‍ഥികള്‍ക്ക് മാനസികസംഘര്‍ഷമുണ്ടാകുന്ന ഒരു നടപടിയും സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

വിദ്യാര്‍ത്ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുകയാണ്. നിയമപരമായി ശക്തമായ നടപടികള്‍ ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ അല്ലെങ്കിലും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി എസ് ഇ നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് എന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K