12 May, 2025 03:57:20 PM


ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ 'സ്വരധി 2025' സംഗീത ക്യാമ്പ്



നെടുമ്പാശ്ശേരി : ചെന്നൈ നീലകണ്‌ഠ ശിവൻ കൾച്ചറൽ അക്കാദമി നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രവുമായി സഹകരിച്ചുകൊണ്ടു സംഘടിപ്പിക്കുന്ന രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സംഗീത ക്യാമ്പ്  'സ്വരധി 2025'  മെയ് 24, 25 തീയതികളിൽ. പ്രസിദ്ധ സംഗീതജ്ഞൻ സംഗീത കലാനിധി നെയ്‌വേലി ആർ സന്താനഗോപാലൻ മോഡറേറ്റ് ചെയ്യുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് ഉള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 

മെയ് 24 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ത്യാഗരാജ പഞ്ചരത്നത്തോടെ ക്യാമ്പ് ആരംഭിക്കും.  ഉദ്ഘാടനത്തിന് ശേഷം ത്യാഗരാജ സംഗീത അനുഭവത്തെ കുറിച്ച് നെയ്‌വേലി ആർ സന്താനഗോപാലൻ നയിക്കുന്ന സെഷനും, തുടർന്ന് 'വീണയും ശബ്ദവും' എന്ന വിഷയത്തെ കുറിച്ച് ജയശ്രീ അരവിന്ദ് നയിക്കുന്ന സെഷനും ഉണ്ടാകും. ഉച്ചക്ക് ശേഷം പാറശാല രവി നയിക്കുന്ന 'മൃദംഗത്തിലെ ശാസ്ത്രം' എന്ന സെഷനും തുടർന്ന് നാഗാർജ്ജുനയിലെ ഡോ. കൃഷ്‌ണൻ നമ്പൂതിരി നയിക്കുന്ന 'ആയുർവേദവും സംഗീതവും' ആയി ബന്ധപ്പെട്ട സെഷനും ഉണ്ടാകും. ശേഷം സി എസ് സജീവ് നയിക്കുന്ന 'നീലകണ്‌ഠ ശിവനെയും അദ്ദേഹത്തിൻ്റെ കോമ്പോസിഷനുകളെയും' കുറിച്ചുള്ള സെഷനും ഉണ്ടാകും.

നെയ്‌വേലി ആർ സന്താനഗോപാലന്റെ സംഗീത കച്ചേരിയോടെ ആണ് ആദ്യ ദിവസം സമാപിക്കുന്നത്. രണ്ടാം ദിവസമായ മെയ് 25 ഞായറാഴ്ച്ച രാവിലെ നെയ്‌വേലി ആർ സന്താനഗോപാലൻ നയിക്കുന്ന സാധകം സെഷനും, തുടർന്ന് പ്രസിദ്ധ യോഗാചാര്യൻ  നാരയൺജി നയിക്കുന്ന 'യോഗയും സംഗീതവും' എന്ന സെഷനും, സുനാദകലാനിധി വയലിൻ വിദ്വാൻ ടി കെ വി രാമനുചാര്യലു നയിക്കുന്ന 'ഇൻസ്ട്രുമെന്റൽ മ്യൂസിക്കിലെ ഗായകി സ്റ്റൈൽ' എന്ന സെഷനും, ഫാ. പോൾ പൂവ്വത്തിങ്കൽ (തൃശ്ശൂർ ചേതന) നയിക്കുന്ന 'വോക്കോളജി - ശബ്ദത്തിന്റെ ശാസ്ത്രം' എന്ന സെഷനും ഉച്ചക്ക് ശേഷം നെടുമ്പുള്ളി രാംമോഹൻ നയിക്കുന്ന  കഥകളി സംഗീതവുമായി ബന്ധപ്പെട്ട സെഷനും ഉണ്ടാകും. വൈകീട്ട് സർട്ടിഫിക്കറ്റ് വിതരണത്തോടു കൂടി ക്യാമ്പ് അവസാനിക്കും. 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കാകും പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷന് നിശ്ചിത തുക ഉണ്ടായിരിക്കും. ദൂരെ നിന്നും വരുന്നവർക്ക് താമസ സൗകര്യം ഉണ്ടായിരിക്കും.  രജിസ്‌ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: +919080409241


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K