31 July, 2026 04:44:55 PM


കാവേരി തർക്കം: കർണാടകയിൽ വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം നിർത്തിവെച്ചു



ബെംഗളൂരു: കാവേരി ജലവിഷയത്തിൽ കർണാടകയിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം വിജയ് നായകനായ ജനനായകൻ സിനിമയുടെ പ്രദർശനങ്ങൾക്കും തിരിച്ചടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ നിരവധി തിയറ്റർ ഉടമകൾ ചിത്രത്തിന്റെ പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. 

തമിഴ്നാടിന് കാവേരി ജലം വിട്ടുനൽകുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും നടത്തുന്ന പ്രതിഷേധത്തിനിടെയാണ് സിനിമാ പ്രദർശനങ്ങൾ റദ്ദാക്കിയത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായാണ് ചില തിയറ്ററുകൾ സ്വമേധയാ തീരുമാനമെടുത്തത്.

കർണാടകയിൽ ഏകദേശം 125 മുതൽ 150 വരെ തിയറ്ററുകളിലായാണ് ജനനായകൻ റിലീസ് ചെയ്തത്. ഇതിൽ 75-ലധികം സിംഗിൾ സ്ക്രീൻ തിയറ്ററുകളും 50ഓളം മൾട്ടിപ്ലക്സുകളും ഉൾപ്പെടുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ പല തിയറ്ററുകളിൽ നിന്നും വിജയ് ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു.

ബെംഗളൂരുവിലെ പ്രശസ്തമായ ഉർവശി തിയറ്ററിൽ പൊലീസ് നിർദേശത്തെ തുടർന്ന് ജനനായകൻ പ്രദർശനം നിർത്തിവെച്ചു. ചിത്രത്തിന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും മാറ്റിയ ശേഷം നിശ്ചയിച്ചിരുന്ന ഷോകൾക്ക് പകരം കന്നഡ ചിത്രം കരാവലി പ്രദർശിപ്പിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിയറ്ററിന് പുറത്ത് പൊലീസ് വിന്യാസവും ഏർപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911