21 August, 2026 09:13:36 AM


നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴയിൽ ശനിയാഴ്ച പ്രാദേശിക അവധി



ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേള പ്രമാണിച്ച് ഓഗസ്റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പുന്നമടക്കായലിൽ നടക്കുന്ന മത്സരങ്ങളിൽ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപതിലേറെ ജലയാനങ്ങളാണ് ഏറ്റുമുട്ടുന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരങ്ങളും, ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വൈകുന്നേരം നാലിന് ഫൈനൽ പോരാട്ടങ്ങളും നടക്കും. വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ഒൻപതുമണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് ആറുമണി വരെ കെ.എസ്.ആർ.ടി.സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല.

എറണാകുളം ഭാഗത്തുനിന്നുള്ള ബസുകൾ ശവക്കോട്ടപ്പാലം, മട്ടാഞ്ചേരി, വഴിച്ചേരി വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി വൈ.എം.സി.എ, ജനറൽ ആശുപത്രി വഴി തിരിഞ്ഞുപോകണം. കൊല്ലം ഭാഗത്തുനിന്നുള്ള ബസുകൾ ജനറൽ ആശുപത്രി, വൈ.എം.സി.എ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി ശവക്കോട്ടപ്പാലം വഴി തിരികെ പോകേണ്ടതാണ്. എ.സി റോഡ് വഴി വരുന്ന ബസുകൾ കൈതവന, പഴവീട്, കൊട്ടാരം ജംഗ്ഷൻ വഴി യാത്രക്കാരെ ഇറക്കി തിരികെ സർവീസ് നടത്തണം.

വള്ളംകളി കാണാനെത്തുന്നവർ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യേണ്ടതാണ്. പൊലീസ് പരേഡ് ഗ്രൗണ്ട് പരിസരത്തുനിന്ന് ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ ബസ് സർവീസുകൾ ലഭ്യമായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915