19 December, 2025 10:29:28 AM
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും; സമാപന സമ്മേളനം വൈകീട്ട് ആറുമണിക്ക്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന പരിപാടി വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ആദരിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മൗറിത്തേനിയൻ സംവിധായകൻ അബ്ദേ റഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകും.
26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശനത്തിനെത്തിയത്. അതിൽ ആറ് ചിത്രങ്ങൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. മേളയിലെ നിറസാന്നിദ്ധ്യമാകേണ്ട ചെയർമാൻ ഇല്ലാത്തതും സജീവ ചർച്ചയായി. മൊത്തത്തിൽ ഒരു വൈബ് കുറവുണ്ടെന്നും പ്രതിനിധികൾക്കിടയിൽ അഭിപ്രായമുണ്ടായി. സിനിമകൾക്ക് അനുമതി ലഭിക്കാത്തത് സംഘാടനത്തിലെ പിഴവുമൂലമാണെന്നും അഭിപ്രായമുയർന്നിരുന്നു. അവയെല്ലാം തരണം ചെയ്താണ് ചലച്ചിത്രമേള പുരോഗമിച്ചത്. അതേസമയം, തൻ്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് ചെയർമാൻ റസൂൽ പൂക്കുട്ടി പ്രതികരിച്ചു.



