21 June, 2026 04:48:44 PM
'അമ്മ' ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജി വെച്ചു

കൊച്ചി: താരസംഘടന അമ്മയിൽ നാടകീയ രംഗങ്ങൾ. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ചുമതലയേറ്റ് ഒരു വർഷം തികയുന്നതിന് മുൻപാണ് ഭരണസമിതിയുടെ രാജി. ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. നിലവിലെ ഭരണസമിതി രാജിവച്ചതോടെ അഡ്ഹോക്ക് കമ്മിറ്റി ഭരണം മുന്നോട്ട് കൊണ്ടുപോകും. അവിശ്വാസ പ്രമേയം വന്നതിന് പിന്നാലെയാണ് ഭരണസമിതിയുടെ രാജി.
താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു. താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. രാജി സന്നദ്ധത അറിയിച്ച ശേഷം ശ്വേത വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും വിശദീകരിക്കാനുള്ള അവസരം സംഘടന അംഗങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഭരണസമിതി പിരിച്ചുവിടണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അംഗങ്ങൾ തമ്മിൽ വൻ തർക്കമുണ്ടായി.
സംഘടനയുടെ പേര് ജനങ്ങൾക്ക് മുൻപിൽ ചീഞ്ഞളിഞ്ഞെന്നും പേര് ചീത്തയാക്കിയത് സംഘടനയ്ക്ക് ഉള്ളിലുള്ളവരാണെന്നും ആരോപണമുയർന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി.
കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രൺജി പണിക്കരും വ്യക്തമാക്കി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെടുകയും ചെയ്തു. അംഗങ്ങൾ തമ്മിൽ പരസ്പരം തർക്കം രൂക്ഷമായതോടെ, ഈ വിഷയത്തിൽ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് യോഗത്തിൽ അതീവ വൈകാരികമായാണ് മോഹൻലാൽ സംസാരിച്ചത്. വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പിച്ചു പറഞ്ഞു.



