12 August, 2026 10:01:12 AM


ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി



ലിസ്ബണ്‍: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പോര്‍ച്ചുഗല്‍ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ വെച്ച് നടന്ന തീർത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം.

41കാരനായ റൊണാൾ‍ഡോയും 32കാരിയായ ജോർജിനയും 10 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. വിവാഹമോതിരം ധരിച്ച കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്.

2025 ഓഗസ്റ്റ് 11-നായിരുന്നു തങ്ങളുടെ വിവാഹ നിശ്ചയ വാർത്ത ജോർജിന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. "മനസ്സോടെ സ്വീകരിക്കുന്നു... ഈ ജന്മത്തിലും ഇനി വരാനിരിക്കുന്ന എല്ലാ ജന്മങ്ങളിലും" എന്ന് സ്പാനിഷ് ഭാഷയിൽ കുറിച്ചു കൊണ്ടായിരുന്നു അന്ന് ജോർജിന വിവാഹനിശ്ചയ മോതിരത്തിന്‍റെ ചിത്രം പങ്കുവെച്ചത്. കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ വിവാഹം നടന്നിരിക്കുന്നത്. ഇരുവരുടെയും മക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങിൽ പങ്കെടുത്തത്.

2016-ൽ മാഡ്രിഡിലെ ഗുച്ചി ഷോപ്പിൽ വെച്ചാണ് റൊണാൾഡോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് റയൽ മാഡ്രിഡിന്‍റെ താരമായിരുന്ന റൊണാൾഡോയുമായുള്ള ആ പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും കായികതാരങ്ങളുമാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953