07 February, 2026 09:32:58 AM


കലാമണ്ഡലം സംഗീതയുടെ 'മാതൃവിലാപം' നങ്ങ്യാർ കൂത്തും കൊച്ചിട്ടിച്ചായൻ്റെ കലാസ്വാദനപാരമ്പര്യവും

പള്ളിക്കോണം രാജീവ്



രണ്ടാഴ്ചകൾക്ക് മുമ്പ് വിശേഷപ്പെട്ട ഒരു കലാരൂപം ആസ്വദിക്കുന്നതിന് ഇടയായി. കലാമണ്ഡലം സംഗീത അവതരിപ്പിച്ച മാതൃവിലാപം നങ്ങ്യാർകൂത്ത് !
നങ്ങ്യാർകൂത്ത് മുമ്പ് പലതവണ കണ്ടിട്ടുണ്ടെങ്കിലും പൂർണ്ണതയോടെ ആസ്വദിക്കാൻ കഴിയാതിരുന്നത് അതിൻ്റെ ദുർഗ്രഹമായ അഭിനയഭാഷയെ പിന്തുടരാൻ എനിക്ക് കഴിയാതെ പോയതുകൊണ്ടായിരിക്കാം. എന്നാൽ ഇത്തവണയാകട്ടെ ചിരപരിചിതമായ പ്രമേയത്തിൻ്റെ പ്രത്യേകത കൊണ്ടും കലാമണ്ഡലം സംഗീത എന്ന അനുഗ്രഹീത കലാകാരിയുടെ അനന്യമായ അഭിനയശേഷി കൊണ്ടും എനിക്കു മാത്രമല്ല ഒന്നരമണിക്കൂർ നേരം കണ്ടിരുന്ന എല്ലാവർക്കും ആസ്വാദനത്തിൻ്റെ പരമകോടിയിലെത്തിയ അപൂർവ അനുഭവമാണുണ്ടായത്!

കൊച്ചിട്ടിച്ചായൻ എന്ന് കോട്ടയത്തെ ക്ലാസിക്കൽ കലാസ്വാദകരെല്ലാം സ്നേഹാദരങ്ങളോടെ വിളിക്കുന്ന പള്ളം നെടുംപറമ്പിൽ കൊച്ചിട്ടിമാത്യുവിൻ്റെ വീടിൻ്റെ വിശാലമായ ടെറസ്സിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് "മാതൃവിലാപം"എന്ന് പേരിട്ടിരിക്കുന്ന അഭിനയപ്രബന്ധം നങ്ങ്യാർകൂത്തായി അരങ്ങേറിയത്. കൂത്തിനെ കുറിച്ച് പറയുന്നതിന് മുമ്പായി കൊച്ചിട്ടിച്ചായൻ്റെയും കുടുംബത്തിൻ്റെയും കലാസ്വാദനപാരമ്പര്യത്തെ കുറിച്ച് അല്പം പറയേണ്ടിയിരിക്കുന്നു. പള്ളത്തെ പ്രശസ്തമായ ഇടത്തുംപടിക്കൽ കുടുംബാംഗമാണ് കൊച്ചിട്ടിച്ചായൻ. തെക്കുംകൂർ രാജാക്കൻമാരുടെ ഭരണകാലത്ത് പള്ളത്തെ "ഇട"മായ സ്രാമ്പിക്കൊട്ടാരത്തിന് സമീപത്ത് താമസിച്ച കൊട്ടാരം സേവകരുടെ കുടുംബമാണ് ഇടത്തുംപടിക്കൽ. ഏകദേശം 275 വർഷങ്ങൾക്ക് മുമ്പ് ഇടത്തും പടിക്കലെ ഒരു കൊച്ചിട്ടിയും അനുജനായ കുര്യനും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢതന്ത്രത്തിൽ അകപ്പെട്ട്  തിരുവിതാംകൂറിലെ രാമയ്യൻ ദളവയും സൈന്യവും പള്ളം - പാക്കിൽ പ്രദേശങ്ങളിൽ വഴിതെറ്റി നട്ടം തിരിഞ്ഞ കഥ ഇതിനുമുമ്പ് ഞാൻ എഴുതിയിട്ടുള്ളതാണ്.  തെക്കുംകൂർ കീഴടക്കിയതിനു ശേഷം ദളവ,  കായലിനോട് ചേർന്ന് വിശാലമായ കൃഷിനിലങ്ങളുണ്ടായിരുന്ന ഇടത്തുംപടിക്കക്കാരുടെ മേൽ കനത്ത ഭൂനികുതി ചുമത്തിയത് ഇതിനുള്ള പ്രതികാര നടപടിയായിരുന്നുവത്രേ!.


നമ്മുടെ കൊച്ചിട്ടിച്ചായൻ മാത്രമല്ല അദ്ദേഹത്തിൻ്റെ ജ്യേഷ്ഠനും പ്രശസ്ത പ്രകൃതിചികിത്സ പ്രചാരകനുമായ കുര്യനും - അനുജൻ ജേക്കബ് ജാതിക്കാടൻ എന്നു വിളിക്കുന്ന കൊച്ചുമോനച്ചായനും കടുത്ത "കഥകളിഭ്രാന്തിന്" അടിമകളാണ്. കളിയരങ്ങിൻ്റെ മുഖ്യസംഘാടകനായ പള്ളം ചന്ദ്രനോടൊപ്പം കുര്യനും ആദ്യകാലത്ത് സജീവമായിരുന്നു. കോട്ടയത്തു മാത്രമല്ല കുറച്ചകലെയാണെങ്കിലും മേജർസെറ്റിൻ്റെ മികച്ച കളിയുണ്ടെങ്കിൽ ഇവരൊക്കെയും അവിടെയുണ്ട്. എങ്കിലും കളിയുടെ അസ്കിത കൊച്ചിട്ടിച്ചായനാണ് ഒരു പടി കൂടുതൽ! ഓരോ കളിയുടെയും നിലവാരം എങ്ങനെയുണ്ടായിരുന്നു എന്നറിയാൻ കളിയുടെ അവസാനം ഇദ്ദേഹത്തിൻ്റെ മുഖത്ത് ഒന്നു നോക്കിയാൽ മതിയെന്നാണ് പൊതുഅഭിപ്രായം. കളിയരങ്ങിലും ഉത്സവക്കളികളിലും മുൻനിരയിൽ കൊച്ചിട്ടിച്ചായൻ എപ്പോഴുമുണ്ടാകും. കൂടാതെ കളിയരങ്ങിൻ്റെയും കുറിച്ചി കേളിയുടെയും സംഘാടകരിൽ അദ്ദേഹം മുഖ്യസ്ഥാനത്തുണ്ട്. ഇടത്തുംപടിക്കൽകാരെല്ലാം സംഗീതാസ്വാദകരും കൂടിയായതിനാൽ അവരുടെ കുടുംബസദസ്സുകളിൽ എനിക്ക് പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിക്കാനും നിരവധി തവണ അവസരം കിട്ടിയിട്ടുണ്ട്. അടുത്ത കാലത്തായി കഥകളിയാസ്വാദനത്തിൽ നിന്നും ഒരു പടി കൂടി ഉയർന്ന് കൂടിയാട്ടവും നങ്ങ്യാർകൂത്തുമൊക്കെ ആസ്വദിക്കുന്ന കാര്യത്തിൽ കൊച്ചിട്ടിച്ചായന് ഒരു പ്രത്യേക താൽപ്പര്യം ഉണ്ടായിട്ടുള്ളതായി  തോന്നിയിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഫോണിലൂടെ വിളിച്ച് വീട്ടിൽ നടത്തുന്ന നങ്ങ്യാകൂത്തിലേക്ക് എന്നെ ക്ഷണിച്ചത്.

എൻ്റെ പ്രിയ സുഹൃത്തും മിഴാവ് വാദകനുമായ രതീഷ് ഭാസും പത്നി കലാമണ്ഡലം സംഗീതയും സംഘവും ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും ബൈബിൾ പ്രമേയമാണ് കഥയെന്നും അറിഞ്ഞപ്പോൾ അതൊന്ന് കാണണമെന്നുള്ള ഉത്സാഹം കൂടി. കലാമണ്ഡലത്തിൽ കൂട്ടിയാട്ടക്കളരി ആരംഭിച്ചതിൻ്റെ 60-ാം വാർഷികപരിപാടികളോടനുബന്ധിച്ച് "കൂടിയാട്ടത്തിൻ്റെ ചരിത്രം" വിഷയമായി നടത്തിയ സെമിനാറിൽ ഞാനാണ് മോഡറേറ്ററായിരുന്നത്. അന്ന് അവിടെ എനിക്കു വേണ്ട ഏർപ്പാടുകൾ ചെയ്തുതന്നത് കൂടിയാട്ടം കലാകാരൻമാരായ രതീഷും ജിഷ്ണുവുമൊക്കെയായിരുന്നു.

പ്രോഗ്രാമിന് ഇടത്തുംപടിക്കൽ കുടുംബാംഗങ്ങളും അയൽവാസികളും കോട്ടയത്തെ ആസ്വാദകരും കൂത്തും കൂടിയാട്ടവും ആസ്വദിക്കുന്ന പുറംനാട്ടിൽ നിന്നുള്ളവരും വൈദികരുമുൾപ്പെടെ വലിയൊരു സദസ്സായിരുന്നു.  മാതൃവിലാപം എന്ന ഈ നങ്ങ്യാർകൂത്തിൻ്റെ അവതരണത്തിനിടയായ ഉദ്യമങ്ങളെ കുറിച്ചും അതിൻ്റെ പ്രമേയത്തെ കുറിച്ചും ജേക്കബ് ജാതിക്കാടൻ വിശദീകരിച്ചു. യേശുദേവൻ്റെ ജീവിതകഥ ഒന്നര മണിക്കൂർ നേരം കൊണ്ട് ചുരുക്കി അവതരിപ്പിക്കുകയാണ് മാതൃവിലാപത്തിലൂടെ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കുരിശുമരണത്തെ പ്രാപിച്ച യേശുക്രിസ്തുവിൻ്റെ നിശ്ചലമായ ശരീരത്തെ മടിയിൽ കിടത്തി വിലപിക്കുന്ന മാതാവായ കന്യാമറിയമിൻ്റെ വിചാരങ്ങളിലൂടെയും ഓർമ്മകളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. പ്രശസ്ത സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന പ്രൊഫ.പി.സി. ദേവസ്യ രചിച്ച "ക്രിസ്തുഭാഗവതം" എന്ന സംസ്കൃതകാവ്യത്തെ ആധാരമാക്കി കലാനിരൂപകനും ഗവേഷകനുമായ സജനീവ് ഇത്തിത്താനവും ചെങ്ങന്നൂർ സ്വദേശിയായ ഹരിശർമ്മയും ചേർന്നാണ് "മാതൃവിലാപം" ചിട്ടപ്പെടുത്തിയത്. ക്രിസ്തുഭാഗവതത്തിലെ രണ്ടു ശ്ലോകങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

തുടക്കം മുതൽ ഒടുക്കം വരെയും കാണികൾ നിർനിമേഷരായി ശ്രദ്ധാപൂർവ്വം സംഗീതയുടെ അവതരണം കണ്ടുകൊണ്ടിരുന്നു. കഥാസന്ദർഭം സ്ക്രീനിൽ ഡിജിറ്റലായി അപ്പപ്പോൾ കാണിച്ചുകൊണ്ടിരുന്നതിനാൽ ഓരോ ഭാഗങ്ങൾക്കും ഒപ്പം സഞ്ചരിക്കാൻ കാണികൾക്ക് എളുപ്പമായി. വന്നിരുന്നവരിൽ ഭൂരിപക്ഷം പേരും നങ്ങ്യാർകൂത്ത് ആദ്യമായി കാണുകയായിരുന്നു. എങ്കിലും ആർക്കും അതിലെ ഒരു ഭാഗം പോലും മനസിലാക്കുവാൻ ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല എന്ന് പ്രതികരണങ്ങളിൽനിന്ന് മനസിലായി. പ്രത്യേകിച്ച് ബൈബിളിലെ പുതിയ നിയമം ജീവശ്വാസം പോലെ കരുതുന്നവർക്ക് ഈ അവതരണം എത്രത്തോളം ഉൾക്കൊള്ളാനായോ അത്രത്തോളമൊന്നും നങ്ങ്യാർകൂത്തിൻ്റെ സ്ഥിരം ആസ്വാദകർക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. അത്രത്തോളം ബൈബിൾകഥയോട് നീതി പുലർത്തുന്നതും വൈകാരികമായി കാണികളെ പിടിച്ചിരുത്തുന്നതുമായ അസാമാന്യമായ അഭിനയവൈഭവമാണ് സംഗീത പ്രകടിപ്പിച്ചത്.

കന്യാമറിയത്തിൻ്റെ മുന്നിൽ ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് ദിവ്യഗർഭത്തെ കുറിച്ച് അറിയിക്കുന്നത്, ജോസഫിനുണ്ടായ മനതാപങ്ങൾ ശമിപ്പിക്കപ്പെടുന്നത്, തനിക്ക് ഒരു ശത്രു പിറക്കുമെന്ന് ഭയന്ന ഹെരോദാ രാജാവ് അന്വേഷിച്ചുവരാൻ കിങ്കരൻമാരെ അയയ്ക്കുന്നത്, ബേത്‌ലഹേമിലേക്ക് യാത്രയായ ജോസഫും മറിയവും ഒരു കാലിത്തൊഴുത്തിൽ അഭയം പ്രാപിക്കുന്നത്, യേശുവിൻ്റെ ജനനം, ദിവ്യതാരകത്തെ അനുഗമിച്ച് ഇടയൻമാരും സന്യാസികളും രാജാക്കൻമാരും എത്തി ആശീർവദിക്കുന്നത് എന്നു തുടങ്ങി യേശുവിൻ്റെ ശൈശവകാലം വരെയുള്ള തുടക്കം ഗംഭീരമാക്കി. കന്യാമറിയം പ്രസവവേദന അനുഭവിക്കുന്നതും ഉണ്ണിയേശുവിൻ്റെ പ്രസവിക്കുന്നതും ഏറെ സ്വാഭാവികതയോടെയാണ് ഒരു അമ്മ കൂടിയായ സംഗീത അവതരിപ്പിച്ചത്!

നങ്ങ്യാർകൂത്തിൽ ഓരോ കഥാപാത്രത്തെയും അഭിനേത്രി മാറിമാറി പകർന്നാടുകയാണ് ചെയ്യുന്നത്. ഓരോ കഥാപാത്രങ്ങൾക്കും നിയതമായ ഓരോ സംജ്ഞയുണ്ട്. ആ സംജ്ഞയിലൂടെയാണ് ആരായിട്ടാണ് അഭിനയിക്കുന്നത് എന്ന് അനുവാചകൻ മനസിലാക്കുന്നത്.  അധികാരപ്രമത്തനും ഉദ്ധതനും ഉഗ്രപ്രതാപിയുമായ ഹെറോദാ രാജാവായി മാറുമ്പോൾ ചടുലമായ ചലനങ്ങളും അംഗമുദ്രകളും മുഖഭാവങ്ങളും കൊണ്ട്   രംഗം ചൂടുപിടിപ്പിച്ചുവെങ്കിൽ ക്രിസ്തുദേവനായി രംഗത്തെ പ്രശാന്തവും ഭക്തിസാന്ദ്രവുമാക്കി സംഗീതയ്ക്ക് മാറ്റാനായി!

സ്നാപക യോഹന്നനാൽ ദിവ്യസ്നാനമേൽക്കുന്നത്, മുക്കുവരായ നാലുപേരെ ശിഷ്യരാക്കുന്നത്, കാറും കോളും നിറഞ്ഞ് പ്രക്ഷുബ്ധമായ കടലിനെ ശാന്തമാക്കുന്നത് തുടങ്ങി ക്രിസ്തുവിൻ്റെ ജീവിതത്തിലെ അത്ഭുതകൃത്യങ്ങളുടേതായ  ഏതാനും സന്ദർഭങ്ങൾ മാത്രമാണ് തുടർന്ന് അവതരിപ്പിച്ചത്. പ്രക്ഷുബ്ധമായ കടലിൻ്റെ അതിഘോരമായ ഭാവവ്യത്യാസങ്ങളെയും  ഇരച്ചെത്തുന്ന തിരമാലകളെയും തികഞ്ഞ മെയ്‌വഴക്കത്തോടെയും പദവിന്യാസത്തിലൂടെയും വേദിയിൽ സൃഷ്ടിക്കാൻ സംഗീതയ്ക്ക് സാധിക്കുന്നത് അത്ഭുതത്തോടെ സദസ്സൊട്ടാകെ കണ്ടിരുന്നു. തിരമാലകളിൽ ഉലഞ്ഞാടുന്ന വഞ്ചിയും അതിലിരിക്കുന്ന ഭയചകിതരായ യാത്രികരെയുമെല്ലാം മാറിമാറി സംഗീത പകർന്നാടി. യേശുദേവൻ്റെ സാന്നിധ്യത്തിൽ കടൽ ശാന്തമായപ്പോൾ അതുവരെയും കാണികളിലുണ്ടാക്കിയിരുന്ന പിരിമുറുക്കം അയഞ്ഞുപോവുകയായിരുന്നു. 

അശരണരും നിരാശ്രയരുമായ മനുഷ്യർക്കിടയിൽ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിനുണ്ടായ  ജനപിന്തുണയിൽ ഭയപ്പെട്ട ശത്രുക്കൾ അദ്ദേഹത്തിനെതിരെ ദുരാരോപണങ്ങൾ ഉയർത്തുന്നു. തുടർന്നുള്ള രംഗം അന്ത്യഅത്താഴമാണ്. യൂദാസ് ഒറ്റിക്കൊടുക്കുന്നത്, വിചാരണ, പീഡനപർവ്വം, കുരിശിൽ തറയ്ക്കുന്നത്, ക്രൂശിതമരണം എന്നിവയിലൂടെ കടന്ന് ആദ്യരംഗത്തിൽ തന്നെ തിരികെയെത്തുന്നു. പീഡനങ്ങളേറ്റുവാങ്ങുമ്പോഴും വേദന സഹിച്ച് കുരിശു വഹിക്കുന്ന ക്രിസ്തുവിനെയും പല പ്രകാരം പീഡിപ്പിക്കുന്ന പടയാളിയെയും മാറിമാറിയാണ് അവതരിപ്പിക്കുന്നത്. നിലത്തുകിടക്കുന്ന കുരിശിലേക്ക് യേശുവിനെ ചവിട്ടിത്തള്ളിയിട്ടിട്ട് കൈകളിലും കാലിലും നെഞ്ചിലുമൊക്കെ ആണിയടിച്ചു കയറ്റുന്നതും കയറു കെട്ടി കുരിശ് ഉയർത്തിനാട്ടുന്നതും കുന്തംകൊണ്ട് നെഞ്ചിൽ കുത്തി മരണം ഉറപ്പാക്കുന്നതുമെല്ലാം കണ്ടു മനസിലാക്കുന്നതിന് നങ്ങ്യാർകൂത്തിൻ്റെ അഭിനയസങ്കേതങ്ങളിലോ മുദ്രകളുടെ അർത്ഥത്തിലോ ഉണ്ടാകേണ്ട മുന്നറിവുകളൊന്നും ആർക്കും വേണ്ടിവരില്ല. ക്രൂശിൽ ക്രിസ്തുദേവൻ്റെ അന്ത്യരംഗം കണ്ടിരിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.


നിശ്ചലമായ ആ ദിവ്യശരീരം മറിയമിൻ്റെ മടിയിൽനിന്നും എടുത്തുകൊണ്ടുപോയി കല്ലറയിൽ അടക്കം ചെയ്യുന്നതും മൂന്നുനാൾ കഴിഞ്ഞ് മാതാവിൻ്റെ മുന്നിലേക്ക് ഉയർത്തെഴുന്നേറ്റ് എത്തുന്നതും മുതൽ സ്വർഗ്ഗാരോഹണം വരെയാണ് അവസാനഭാഗം. ഉയിർത്തെഴുന്നേറ്റു വരുമ്പോൾ ഉണ്ടാകുന്ന ദിവ്യകിരണങ്ങളുടെ അപാരമായ വികിരണശക്തി മുഖഭാവത്തിലൂടെ അവതരിപ്പിച്ചതും ശ്രദ്ധേയമായി. രംഗത്തിട്ടിരിക്കുന്ന പീഠത്തിൽ നിന്നുയർന്നു നിന്ന് അഭൗമതേജസ്സോടെയുള്ള രക്ഷകൻ്റെ വിടവാങ്ങലിലൂടെ മാതൃവിലാപം സമാപ്തമാകുന്നു.

അവതരണത്തിനു ശേഷം സദസ്സിൽനിന്ന് ഉയർന്ന വമ്പിച്ച കൈയ്യടിയാണ് സംഗീതയ്ക്കും സംഘത്തിനും അനുമോദനമായി ആദ്യമേ എത്തിയത്. മൂന്നു ക്രിസ്തീയവൈദികരും ഇടനാട്ട് ഇണ്ടളയപ്പ ക്ഷേത്രം മേൽശാന്തിയും ചേർന്ന് സംഗീതയെയും ഒപ്പമുള്ള കലാകാരൻമാരെ ആദരിച്ചു. മികച്ച ഈ അവതരണത്തെ കുറിച്ച് ഏറെ പ്രശംസിച്ച് അവർ അഭിപ്രായപ്പെട്ടു. ഹരിശർമ്മയും സജനീവും ഇതിൻ്റെ ചിട്ടപ്പെടുത്തലിനും അവതരണത്തിനും വേണ്ടി നടത്തിയ പരിശ്രമങ്ങൾ വിവരിച്ചു.

എന്തായാലും നങ്ങ്യാർകൂത്ത് എന്ന കലാരൂപത്തെ വ്യത്യസ്തമായ പ്രമേയത്തെ ആസ്പദമാക്കിയും ആ കലാരൂപത്തിൻ്റെ ഗൗരവതരമായ തനിമ ചോരാതെയും തികച്ചും ജനകീയമാക്കിത്തീർത്തതിന് കലാമണ്ഡലം സംഗീതയും ഒപ്പമുള്ള കലാകാരൻമാരും അഭിനന്ദനം അർഹിക്കുന്നു. ഇത് ഈ കലാരൂപത്തിൻ്റെ അവതരണചരിത്രത്തിലെ നാഴികക്കല്ലാണിത്. 
ഓരോ രംഗത്തിനും അനുനിമിഷം മാറിമറിയുന്ന ഭാവചലനങ്ങൾക്ക് അകമ്പടി പകരാൻ  ഉജ്ജ്വലമായ പ്രകടനത്തിലൂടെ വാദ്യകലാകാരൻമാർക്ക് സാധിച്ചു. രതീഷ് ഭാസും കൃഷ്ണകുമാറും മിഴാവിലും കലാനിലയം രാജൻ ഇടയ്ക്കയിലും നാദപ്രപഞ്ചം തീർത്തു. കലാമണ്ഡലം സജിത കൈമണിയിൽ താളമിട്ടും ശ്ളോകം ചൊല്ലിയും  പിന്തുണയേകി.


ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയത്തെ പള്ളം സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി ഹാളിൽ വച്ച് "മാതൃവിലാപം" നങ്ങ്യാർകൂത്ത് പൊതുജനസമക്ഷം സമർപ്പിക്കുകയാണ്. വലിയൊരു ആസ്വാദകവൃന്ദത്തെയാണ് അന്നേ ദിവസം സംഘാടകർ പ്രതീക്ഷിക്കുന്നത്. ആദ്യദിവസത്തേതിലും മികച്ച നിലയിൽ അവതരിപ്പിക്കാൻ സംഗീതയ്ക്കും സംഘത്തിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K