26 February, 2026 04:26:27 PM


'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി



കൊച്ചി: വിവാദ സിനിമ 'ദ കേരള സ്റ്റോറി 2' യുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദത്തിന് ഭീഷണിയെന്നാണ് കോടതി നിരീക്ഷണം. ജസ്റ്റിസ്‌ ബെച്ചുകുര്യന്റെ ബെഞ്ച് ആണ് ചിത്രത്തിൻറെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. അപ്പീൽ കേന്ദ്ര സർക്കാർ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്‌റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുമാറി എന്നും ഹൈക്കോടതി വിമർശിച്ചു. സിനിമയ്ക്കെതിരായ രണ്ട് ഹര്‍ജികളും നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിനിമയുടെ റിലീസ് തടയണമെന്നും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഹർജികളാണ് കോടതി പരിഗണിച്ചത്. 'യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി' നിർമിച്ചതെന്ന് അവകാശപ്പെടുന്ന ചിത്രത്തിന് കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത കഥയായിട്ടും 'കേരള' എന്ന പേര് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണെന്ന് ഹർജിക്കാർ വാദിച്ചു. ചിത്രത്തിൽ കാണിക്കുന്ന ഇരകൾ കേരളത്തിൽ നിന്നുള്ളവരല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

മതപരിവർത്തനം, നിർബന്ധിത മതമാറ്റം തുടങ്ങിയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന 'ദി കേരള സ്റ്റോറി 2' കേരളം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉൾക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഫെബ്രുവരി 27നാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിന്റെ മതസൗഹാർദത്തെ ബാധിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും കോടതി വിലയിരുത്തി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ. സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. പ്രദര്‍ശനനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ നിലനില്‍ക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308