04 July, 2026 09:14:59 AM


അമ്മ അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവച്ച് രമേശ് പിഷാരടി



കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രമേഷ് പിഷാരടി രാജിവെച്ചു. അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് എംഎല്‍എ രാജിക്കാര്യം അറിയിച്ചത്. സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ല. കോടതിവിധി മാനിക്കുന്നു. ശ്വേതാ മേനോനുമായി സംസാരിച്ച ഓഡിയോ പുറത്തുവന്നതില്‍ വേദനയുണ്ട്. അത് ലീക്കായതല്ല, റിലീസാക്കിയതാണ്. അതാരാണെന്ന് ആ ഓഡിയോ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

'അമ്മയുടെ ജനറല്‍ ബോഡിയോഗത്തില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചു പോവുകയാണെന്ന് പ്രഖ്യാപിച്ചു. പ്രസിഡന്റ് ശ്വേതാ മേനോന്‍ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നുകൂടി രാജി വെയ്ക്കുകയാണെന്ന് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ഒരു അനാഥത്വം ഉണ്ടായപ്പോള്‍ ജഗദീഷിനെ തത്കാലം അധ്യക്ഷനാക്കി ഒരു ചര്‍ച്ച നടത്തി. മീറ്റിങ് നീണ്ടപ്പോള്‍ ഞാനവിടെനിന്ന് ഇറങ്ങി. വഴിമധ്യേയാണ് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കിയെന്ന് പറഞ്ഞ് ഫോണ്‍ വന്നത്.

ഏതെങ്കിലും രീതിയില്‍ സംഘടനയെ സഹായിക്കാന്‍ പറ്റുമെങ്കില്‍ അത് ഉത്തരവാദിത്തമായി കണ്ടാണ് കമ്മിറ്റിയില്‍ നില്‍ക്കാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞാനുള്‍പ്പെടുന്ന അഡ്‌ഹോക് കമ്മിറ്റിയുണ്ടായത്. കോടതിയുടെ സ്റ്റേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ കയറി മനസിലാക്കി. സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനറായ എനിക്ക് മീറ്റിങ് വിളിക്കാനോ മറ്റുകാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ലെന്നാണ് സ്റ്റേ വന്നിരിക്കുന്നത്. അങ്ങനെയൊരു വിധി വന്നതിനാല്‍ കോടതിയെ മാനിച്ച് കമ്മിറ്റിയില്‍നിന്ന് രാജിവെയ്ക്കുകയാണ്.

ധാര്‍മിക ഉത്തരവാദിത്തം കണക്കിലെടുത്ത് കടിച്ചുതൂങ്ങുന്നില്ല. എന്റെ പേര് മാത്രമേ ഉത്തരവില്‍ കണ്ടുള്ളൂ. എനിക്ക് മനസിലായത് അങ്ങനെയാണ്. 32 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അമ്മ സംഘടനയെ കോടതിയിലെത്തിക്കണമെന്ന് ഒരാഗ്രഹവുമില്ല. പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കണം. ശ്വേതയോടും മല്ലിക ചേച്ചിയോടും ലക്ഷ്മിപ്രിയയോടും അന്‍സിബയോടുമെല്ലാം മണിക്കൂറുകളോളം സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ചതില്‍ ഒരു ഓഡിയോ ആണ് ലീക്കായത്. യഥാര്‍ത്ഥത്തില്‍ അത് ലീക്കല്ല, റിലീസാണ്. അത് ഒന്ന് പരിശോധിച്ചാല്‍ എവിടെനിന്നാണ് ലീക്കായതെന്ന് മനസിലാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936