26 September, 2026 11:04:56 AM
ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി ഉള്‍പ്പെടെ സാംസ്‌കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍ക്കു മേധാവികളെ നിയമിച്ചു. പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് സാഹിത്യ അക്കാദമി അധ്യക്ഷന്‍. ഗായകന്‍ ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയുടെയും നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റേയും അധ്യക്ഷരാവും. പ്രേംകുമാർ നേരത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നടന്‍ രവീന്ദ്രനെ ഇന്നലെ നിയമിച്ചിരുന്നു. നിര്‍മാതാവ് എം രഞ്ജിത് ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാവും. ഡോ. പ്രകാശ് മൂര്‍ത്തിയാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍.
കേരള ഫോക്‌ലോർ അക്കാദമിയുടെ ചെയർമാനായി നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ. അക്കാദമിയുടെ മുൻ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാർ എം. പയ്യന്നൂർ പുതിയ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പ്രമുഖ മലയാളം-തമിഴ് നടനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ നിയോഗിച്ചിരുന്നു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ. നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി. ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും.


