30 June, 2026 09:45:10 AM


മലപ്പുറത്ത് വിദ്യാര്‍ഥികള്‍ കള്ള് കുടിച്ച നിലയില്‍; ഷാപ്പ് ജീവനക്കാരന്‍ പിടിയില്‍



ചങ്ങരംകുളം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് കള്ള് വിൽപ്പന നടത്തിയ കള്ളുഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനും തൃശൂർ കടവല്ലൂർ സ്വദേശിയുമായ കുന്നത്ത് ഞാലിൽ സജീവിനെയാണ് (60) ചങ്ങരംകുളം എസ്.ഐമാരായ നസിയ എം. സാഹിബ്, ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

ശനിയാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിമരുന്ന് വിരുദ്ധ സ്പെഷ്യൽ ഡ്രൈവായ 'ഓപ്പറേഷൻ തുഫാൻ' പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ റെയ്ഡിലാണ് കോക്കൂരിൽ വെച്ച് മദ്യപിച്ച നിലയിൽ ഒൻപതോളം വിദ്യാർത്ഥികളെ കണ്ടെത്തിയത്. തുടർന്ന് പോലീസ് കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് തൊട്ടടുത്തുള്ള കള്ളുഷാപ്പിൽ നിന്ന് സ്ഥിരമായി കള്ള് കുടിക്കാറുണ്ടെന്ന മൊഴി ലഭിച്ചത്.

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ കള്ളുഷാപ്പിലെത്തി ജീവനക്കാരനായ സജീവനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. അറസ്റ്റിലായ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കള്ളുഷാപ്പ് ഉടമക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948