17 June, 2026 02:19:46 PM
വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

താമരശ്ശേരി: വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പുകടിയേറ്റു. താമരശ്ശേരി ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ നിന്ന് കുല വെട്ടുന്നതിനിടെ വാഴയിലുണ്ടായിരുന്ന പാമ്പ് ശിവന്റെ കൈയിൽ കടിക്കുകയായിരുന്നു. കടിയേറ്റ ഉടൻ തന്നെ കടിച്ച പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ ഒരു കവറിലാക്കി ഇയാൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി 108 ആംബുലൻസിൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശിവനെ കടിച്ചത് വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.




