25 May, 2026 07:33:33 PM


തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; 6 യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു



കോഴിക്കോട്: തിരുവമ്പാടി - കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാറിൽ നിന്നും പുക ഉയർന്നയുടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്.

നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചതെന്നാണ് വിവരം. വാഹനം ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് വാഹനങ്ങളിലെ യാത്രക്കാർ ഉടൻ തന്നെ കാറിലുള്ളവർക്ക് സൂചന നൽകി. ഇതേത്തുടർന്ന് ഡ്രൈവർ വാഹനം നിർത്തുകയും യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. ഇവർ ഇറങ്ങിയതിന് തൊട്ടുപിന്നാലെ കാറിലേക്ക് തീ പൂർണ്ണമായും പടർന്നുപിടിച്ചു.

അപകടവിവരമറിഞ്ഞ് മുക്കത്തുനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അവധിക്കാലമായതിനാൽ കക്കാടംപൊയിൽ റൂട്ടിൽ കനത്ത വാഹനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തീപിടിത്തത്തെ തുടർന്ന് ഈ മേഖലയിൽ വലിയ ഗതാഗതത്തടസ്സമുണ്ടായി. ഫയർഫോഴ്സ് തീയണച്ച ശേഷം വാഹനം റോഡിൽ നിന്ന് മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296