14 May, 2026 02:09:07 PM
അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അറിയിക്കാനായി രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാർട്ടിയിൽ എന്നും അച്ചടക്കം പാലിച്ചിട്ടും സീനിയോറിറ്റി മാനദണ്ഡമാക്കാത്തതിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.
അതേസമയം, പുതിയ മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. തീരുമാനത്തിൽ പ്രതിഷേധിച്ചു ഇന്ന് നടക്കുന്ന നിർണ്ണായകമായ നിയമസഭാകക്ഷി യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടില്ലെന്ന് ഉറപ്പായതിന് പിന്നാലെ രമേശ് ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്നും പുറത്തുപോയി. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ രാവിലെ മുതൽ മാധ്യമപ്രവർത്തകരും പാർട്ടി പ്രവർത്തകരും തടിച്ചുകൂടിയിരുന്നതിനാൽ വീടിന്റെ പിൻവശം വഴിയാണ് അദ്ദേഹം പുറത്തേക്ക് പോയതെന്നാണ് വിവരം.
നിലവിലെ എം.എൽ.എമാരിൽ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡുമായി ഭരണരംഗത്ത് ചരിത്രം കുറിച്ച അദ്ദേഹം, മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ സജീവമായിരുന്നു. എന്നാൽ യുവനേതൃത്വത്തിന് മുൻഗണന നൽകാനുള്ള ഹൈക്കമാൻഡ് തീരുമാനമാണ് സതീശന് തുണയായത്.




