06 June, 2026 09:42:44 AM


വിയ്യൂർ ജയിലിലെ രേഷ് ബാബുവിന്‍റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍



തൃശ്ശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജയില്‍ വകുപ്പ് മേധാവിയും തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

തൃശ്ശൂര്‍ ചിറ്റിശ്ശേരി സ്വദേശിയായ രേഷ് ബാബുവായിരുന്നു ജയിലില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി രേഷിന്റെ പിതാവ് ബാബു രംഗത്തെത്തുകയായിരുന്നു. ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കുന്ന സമയത്ത് മകനെ കണ്ടിരുന്നുവെന്നും ആ സമയം മുഖത്തോ ശരീരത്തോ മര്‍ദ്ദനമേറ്റ രീതിയിലുള്ള പാടുകള്‍ ഇല്ലായിരുന്നുവെന്നുമായിരുന്നു പിതാവ് പറഞ്ഞത്. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മകനെ കണ്ടിരുന്നു. ആ സമയം മകന്റെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റ തരത്തിലുള്ള പാടുകള്‍ ഉണ്ടായിരുന്നു. മകന്റെ പല്ലുകള്‍ ഇളകിയ നിലയിലായിരുന്നുവെന്നും ചുണ്ടും മുഖവും കരിനീലിച്ച നിറത്തിലായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് രേഷ് എന്ന് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ശേഷം കേസ് ചാര്‍ജ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922