12 May, 2026 07:10:56 PM
മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണു രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളുടെ മക്കളായ നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കീഴ്ശേരി കുറവംപുറത്ത് വീട്ടിൽ മുഹമ്മദ് അബ്ദുൽ ജലീൽ മകൻ മുഹമ്മദ് ഫൗസാൻ (4), പൂക്കോട്ടൂർ ചേർത്തൊടിയിൽ അഫ്സൽ അലി മകൻ ആദിൽ ഹിറാഷ് (7) എന്നിവരാണ് മരിച്ചത്.
പിലാക്കലിലുള്ള ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. ഉച്ചയോടെ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു. കുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.




