11 April, 2026 11:19:37 AM
പോലീസുകാർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു: 28 പേർക്ക് പരിക്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടികഴിഞ്ഞു പോയ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കൊയിലാണ്ടിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളി കോളജിൽ നിന്ന് മലപ്പുറം എംഎസ്പിയിലേക്ക് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയി. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.




