06 April, 2026 01:43:33 PM


പ്രതാപൻ തട്ടിപ്പിൻ്റെ ഉസ്താദ്; സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ കോടികള്‍ വാങ്ങി- കോൺഗ്രസ് നേതാവ് ഫിറോസ്



തൃശ്ശൂര്‍: മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫിറോസ്. സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആരോപണം.

ബിജെപിയുമായി പ്രതാപന്‍ നടത്തിയ നാടകമാണ് കിറ്റ് വിവാദമെന്നായിരുന്നു ഫിറോസിന്റെ ആരോപണം. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേര്‍ന്നുള്ള ഒത്തുകളിയാണ്. ടി എന്‍ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനും തമ്മിലാണ് ഡീല്‍. മണലൂരില്‍ ബിജെപി സഹായിച്ചാല്‍ ഗുരുവായൂരില്‍ തിരിച്ചു സഹായിക്കും എന്നാണ് ഡീലെന്നും ഫിറോസ് ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന്‍ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപന്‍ രാവിലെ കോണ്‍ഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശം രേഖകളായിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

ടി എന്‍ പ്രതാപന്‍ തട്ടിപ്പിന്റെ ഉസ്താദാണ്, സത്യവും അയാളുടെ പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഫിറോസ് ആരോപിച്ചു. കെ സി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയാണ് പ്രതാപന്‍ സ്ഥാനാര്‍ഥിത്വം നേടിയത്. ബ്ളാക്ക്മെയിലിന്റെ ആളാണ് പ്രതാപന്‍. കെ സി വേണുഗോപാലിനെതിരായ എന്തോ പ്രതാപന്റെ കൈയിലുണ്ട്. അതെന്തെന്ന് ഞങ്ങളെ പോലുള്ളവര്‍ക്കറിയാം. എഐസിസിയും കെപിസിസിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പേ പ്രതാപന്‍ മണലൂരില്‍ ചുവരെഴുത്തും പ്രചാരണവും ആരംഭിച്ചെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. യുഡിഎഫ് മന്ത്രിസഭ വന്നാല്‍ പ്രതാപന്‍ മന്ത്രിയാവുമെന്ന് കെ. സി വേണുഗോപാലിനെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിച്ചെന്നും ഫിറോസ് പറഞ്ഞു.

എട്ട് കോടിയോളം രൂപ പ്രതാപൻ്റെ മകൻ്റെ വാഹനത്തിൽ എത്തിച്ചാണ് കെപിസിസി, ഡിസിസി നേതാക്കൾക്ക് വിതരണം ചെയ്തത്. അത് സുരേഷ് ഗോപിക്ക് വോട്ട് മറിക്കാനായിരുന്നു എന്നും ഫിറോസ് ആരോപിച്ചു. കെ. മുരളീധരനെ പരാജയപ്പെടുത്താൻ പ്രതാപൻ ബോധപൂർവം ശ്രമിച്ചു. പക്ഷെ കെപിസിസി നിയോഗിച്ച അന്വേഷണ സമിതിക്ക് മുൻപിൽ 280ഓളം പേർ പ്രതാപൻ ഇത്തരത്തിൽ ശ്രമിച്ചതിൻ്റെ തെളിവുകൾ എന്ന നിലയിൽ മൊഴി നൽകിയെങ്കിലും മൊഴികൾ രേഖപ്പെടുത്തിയ കെപിസിസി നേതൃത്വം പ്രതാപനെതിരെ യാതൊരു അച്ചടക്ക നടപടിയുമെടുത്തില്ല എന്നും ഫിറോസ് ആരോപിച്ചു. മണലൂരിൽ പ്രതാപൻ സ്ഥാനാർഥിത്വം നേടിയെടുത്തത് കെ.സി. വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയാണെന്നും ഫിറോസ് പറഞ്ഞു.

'ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി എന്‍ പ്രതാപന്‍ ഓടിയെത്തുന്നു. പൊലീസുമായി കയര്‍ക്കുന്നു. ബിജെപിക്കെതിരെ വലിയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങള്‍ മൂന്നുദിവസം മുന്‍പേ അത് അറിഞ്ഞു. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം', ഫിറോസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K