24 March, 2026 10:51:21 AM
49 ലക്ഷം രൂപയുടെ ബാധ്യത; എം കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയിൽ

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയും എംഎൽഎയുമായ എം.കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയിൽ. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ കുടിശ്ശിക സഹിതം 49 ലക്ഷം രൂപയുടെ ബാധ്യതയെ തുടർന്നാണ് ജപ്തി ഭീഷണി നേരിടുന്നത്. കോഴിക്കോട് നടക്കാവിലെ ക്രസന്റ് ഹൗസിൽ ആണ് ബാങ്ക് നോട്ടീസ് നൽകിയത്. മാർച്ച് 31 നകം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസ് വിശദമാക്കുന്നു.എം കെ മുനീർ ഇതുമായി ബന്ധപ്പെട്ട് നാളെ മാധ്യമങ്ങളോട് പ്രതികരിക്കും.
2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ നിന്നാണ് എം എംകെ മുനീർ മത്സരിച്ച് വിജയിച്ചത്. മത്സരിക്കുന്നതിന്റെ ഭാഗമായി നൽകിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ 43425895 രൂപയുടെ ആസ്തിയാണ് എം കെ മുനീറിനുള്ളത്. 11 കേസുകളാണ് നേരിടുന്നതെന്നും എം കെ മുനീർ സത്യവാങ്മൂലം നൽകിയിരുന്നു. 9200000 രൂപയുടെ ബാധ്യതകളുമുണ്ടെന്ന് എംകെ മുനീർ 2021ൽ വ്യക്തമാക്കിയിരുന്നു.




