12 March, 2026 10:36:42 AM


നാട്ടികയിൽ സി സി മുകുന്ദന് പിന്തുണയില്ല; സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്



തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി സി മുകുന്ദന് കോൺഗ്രസ് സീറ്റ് നൽകില്ല. മുകുന്ദന്റെ മണ്ഡലമായ നാട്ടികയിൽ പാർട്ടി സ്ഥാനാർത്ഥിയെത്തന്നെ നിർത്താനാണ് കോൺഗ്രസിന്റെ തീരുമാനം. മുകുന്ദൻ സ്വതന്ത്രനായിത്തന്നെ മത്സരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം.

സുനിൽ ലാലൂർ, സി കെ വിനോദ് എന്നിവരെയാണ് നാട്ടികയിൽ സ്ഥാനാർത്ഥികളായി കോൺഗ്രസ് പരിഗണിക്കുന്നത്. കെപിസിസിയാണ് സ്വന്തം സ്ഥാനാർത്ഥികൾ എന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. ഇക്കാര്യം കെപിസിസി ദേശീയ നേതൃത്വത്തെ അറിയിക്കും. അന്തിമ തീരുമാനം ദേശീയ നേതൃത്വമാണ് കൈക്കൊള്ളുക. മുകുന്ദനോട് തിരുവനന്തപുരത്തേക്ക് വരാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ പാർട്ടി മുകുന്ദനുമായി വിശദമായ ചർച്ച നടത്തും.

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാൻ സി സി മുകുന്ദൻ തീരുമാനിച്ചുകഴിഞ്ഞു. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നും മുകുന്ദൻ പറഞ്ഞിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായാൽ പിന്തുണക്കുമെന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മുകുന്ദന്റെ പ്രതികരണം. എന്നാൽ സിപിഐയുമായി ഇടഞ്ഞ സി സി മുകുന്ദനെ കോൺഗ്രസിന് വേണ്ട എന്നായിരുന്നു പ്രാദേശിക നേതാക്കളുടെ അഭിപ്രായം. മറ്റ് പാർട്ടികളിൽനിന്ന് പുറന്തള്ളുന്ന സ്‌ക്രാപ് എടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നും നാട്ടിക തിരിച്ചു പിടിക്കാൻ മുകുന്ദൻ വേണ്ട എന്നുമായിരുന്നു പ്രാദേശിക നേതാക്കൾ അഭിപ്രായപ്പെട്ടത്.

പേയ്മെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നാട്ടിക എംഎല്‍എയും നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ സിപിഐ പുറത്താക്കിയത്. മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നായിരുന്നു സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിച്ചതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്ന് മാറ്റി. നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദനെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

മുൻ എംഎൽഎയായ ഗീത ഗോപിയാണ് നാട്ടികയിൽ ഇത്തവണ സിപിഐയുടെ സ്ഥാനാർത്ഥി. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309