09 March, 2026 10:11:32 AM
അവകാശ തർക്കം; എരഞ്ഞിപ്പാലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി; രണ്ട് പേർക്ക് പരിക്ക്

എരഞ്ഞിപ്പാലം: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ക്ഷേത്രാത്സവത്തിനിടെ നടന്ന കൂട്ടയടിയിൽ രണ്ട് പേർക്ക് പരിക്ക്. എരഞ്ഞിപ്പാലം കൊയ്യേരി ക്ഷേത്രത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ അവകാശത്തെ ചൊല്ലി രണ്ട് വീട്ടുകാർ തമ്മിലുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റവരിൽ ഒരാൾ ഒമ്പത് വയസുകാരനാണ്. ഇവർ ചികിത്സയിലാണ്. ഇരുവിഭാഗവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ് ഉണ്ടായത്. കഴിഞ്ഞതവണയും അതിന് മുമ്പും ഇതേരീതിയിൽ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങിന് ശേഷം വെറ്റില കൈമാറുന്ന രീതിയുണ്ട്. ഇതിൽ ആർക്കാണ് മുൻഗണനയും അവകാശവും എന്ന തർക്കമാണ് അടിയായത്. മർദനത്തിൽ ക്ഷേത്ര ഭാരവാഹികളും ഉൾപ്പെടുന്നുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുന്നിൽ വച്ചാണ് അടിയുണ്ടായത്. വാക്കുതർക്കത്തിൽ തുടങ്ങിയ സംഭവം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടയടിയിലേക്കും മാറുകയാണ് ഉണ്ടായത്.




