17 February, 2026 06:44:21 PM
തൊണ്ടിമുതൽ കേസ്; ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ കോടതി തള്ളി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ തള്ളി കോടതി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ തള്ളിയത്. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും റദ്ദാക്കണമെന്നായിരുന്നു ആന്റണി രാജുവിന്റെ ആവശ്യം. എന്നാൽ ശിക്ഷ മരവിപ്പിക്കാൻ കോടതി തയ്യാറായില്ല.
വിധിക്കെതിരെ ആൻ്റണി രാജുവിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ എതിർത്തിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് കോടതി ശിക്ഷിച്ചതോടെ കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.
1990 ഏപ്രിൽ നാലിന് അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോൾ പിടിക്കപ്പെട്ട ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. അന്ന് വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്നു ആന്റണി രാജു. അദ്ദേഹത്തിന്റെ സീനിയർ അഡ്വക്കേറ്റായ സെലിൻ വിൽഫ്രഡാണ് വക്കാലത്ത് ഏറ്റെടുത്തത്.
വഞ്ചിയൂർ കോടതി പത്ത് വർഷത്തെ തടവിന് ശിക്ഷിച്ച ആൻഡ്രൂ നാല് വർഷത്തിന് ശേഷം ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്തിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. തെളിവ് നശിപ്പിക്കൽ, വ്യാജ രേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ആന്റണി രാജുവിനെതിരെ കേസെടുത്തത്. ജില്ലാ സെഷൻസ് കോടതി താത്കാലി മജിസ്‌ട്രേറ്റ് കോടതി വിധി മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് അപ്പീൽ തള്ളിയിരിക്കുന്നത്.




