23 May, 2026 09:00:25 PM
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആറ് കളക്ടർമാർക്ക് മാറ്റം; പി.ബി. നൂഹ് ജിഎസ്ടി കമ്മീഷണർ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉള്‍പ്പെടെ കളക്ടര്‍മാരെ മാറ്റി. അരുണ്‍ കെ വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് പുതിയ നിയമനം. കെഎസ്‌ഐഡിസിയുടെ മാനേജിങ് ഡയറക്ടര്‍ ചുമതലയും അരുണിന് നല്‍കിയിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറായ പി വിഷ്ണുരാജിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി നിയമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തിറക്കി.
ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. ജിഎസ്ടി കമ്മീഷണറായിരുന്ന പാട്ടീല്‍ അജിത് ഭഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. ആലപ്പുഴ കളക്ടറായിരുന്ന കെ ഇമ്പശേഖറിനെ വാട്ടര്‍ അതോറിറ്റി എംഡിയായി നിയമിച്ചു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാജി വി നായരാണ് പുതിയ ആലപ്പുഴ കളക്ടര്‍. കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിന് എന്‍ട്രന്‍സ് കമ്മീഷണറുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലാ കളക്ടറായിരുന്ന എം എസ് മാധവിക്കുട്ടിയായിരിക്കും പുതിയ കോഴിക്കോട് കളക്ടര്‍. കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ സുധീര്‍ ആണ് പുതിയ പാലക്കാട് കളക്ടര്‍.
പത്തനംതിട്ട കളക്ടറായ എസ് പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പ്രേം കൃഷ്ണന് പകരമായി കില ഡയറക്ടര്‍ എ നിസാമുദ്ദീനാണ് പത്തനംതിട്ടയിലെ പുതിയ കളക്ടര്‍. കൊല്ലം കളക്ടറായിരുന്ന എന്‍ ദേവിദാസിനെ കില ഡയറക്ടറായി നിയമിച്ചു. വ്യവസായ വകുപ്പില്‍ ജോയിന്റെ സെക്രട്ടറിയായ ആനി ജൂല തോമസാണ് പുതിയ കൊല്ലം കളക്ടര്‍. പുതിയതായി നിയമിച്ച ജില്ലാ കളക്ടര്‍മാരില്‍ എം എസ് മാധവിക്കുട്ടിക്ക് മാത്രമാണ് മറ്റൊരു ജില്ലയില്‍ കളക്ടറായി നിയമനം നല്‍കിയത്. ബാക്കി അഞ്ച് പേര്‍ക്കും വിവിധ വകുപ്പുകളിലേക്ക് മാറ്റം ലഭിച്ചത്.




