19 May, 2026 05:02:33 PM


"ബാലഗോപാൽ മന:സാക്ഷിക്കുത്തില്ലാത്ത നൃശംസൻ"; മുൻ മന്ത്രി ഊശിയടിക്കാൻ വിരുതനെന്ന് ജി.ശക്തിധരൻ



തിരുവനന്തപുരം: മുൻമന്ത്രി കെ. എൻ. ബാലഗോപാൽ മന:സാക്ഷിക്കുത്തില്ലാത്ത ഒരു നൃശംസനാണോയെന്ന് മുൻ സിപിഎം നേതാവും ദേശാഭിമാനി ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായിരുന്ന ജി.ശക്തിധരൻ. ആശാ വർക്കർമാർക്ക് വിഡി സതീശൻ മന്ത്രിസഭ അതിന്റെ പ്രഥമ യോഗത്തിൽ തന്നെ പ്രതിമാസ  ഓണറേറിയം 3000രൂപ കൂട്ടിയതിനെ പുച്ഛിച്ച ബാലഗോപാലിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടാനുകോടി രൂപയുടെ സ്വത്തുള്ള മുൻ മന്ത്രി ഊശിയടിക്കാൻ വിരുതനാണെന്നും ശക്തിധരൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ചുവടെ.


"ബാലഗോപാൽ 
ഊശിയടിക്കാൻ വിരുതൻ " 

" വിരുതനാണ്  മുൻമന്ത്രി കെ എൻ ബാലഗോപാൽ. ആശാ വർക്കർമാർക്ക് വിഡി സതീശൻ മന്ത്രിസഭ അതിന്റെ പ്രഥമ യോഗത്തിൽ തന്നെ പ്രതിമാസ  ഓണറേറിയം 3000രൂപ കൂട്ടിയപ്പോൾ അതിനെ പുച്ഛിക്കാൻ മന:സാക്ഷിക്കുത്തിലാത്ത ഒരു നൃശംസനാണോ കെ എൻ ബാലഗോപാൽ?. ഇങ്ങിനെയുണ്ടോ മനുഷ്യർ?.   
ഇതേ സിപിഎം  കേന്ദ്ര  കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ശ്രീമതി ടീച്ചർ ഈ തീരുമാനത്തെ നിരുപാധികം പ്രശംസിച്ചത് ഈ കിടു കേട്ടില്ലായിരുന്നോ? 
        പണത്തിന്റെ നിഗളിപ്പാണ് ഇതിൽ കാണുന്നത്. കെ എൻ ബാലഗോപാലിന് കോടാനുകോടിരൂപയുടെ സ്വത്തുണ്ട് അദ്ദേഹത്തിന്റെ സഹോദരൻ കേരളത്തിലെ ഏറ്റവും വലിയ ക്വാറി രാജാവാണ്. ഏത് ഭരണം വന്നാലും ആരെയും ഭയക്കണ്ട!. ഇ ഡി വന്ന് പൊക്കിയാലും നിക്കാൻ അറിയാം. ഏഴകളായ ആയമാർ അങ്ങിനെയല്ലല്ലോ. അവർ നിസ്വരാണ്.      
      സിപിഎമ്മിൽ നിന്ന് പുറത്തുവന്നതിന് ശേഷം ഒരു കാലത്തും ഒരു വരി പോലും ഞാൻ കെ എൻ ബാലഗോപാലിനെതിരെ  എഴുതിയിട്ടില്ല. പാർട്ടിയിൽ എല്ലാം വലിച്ചെറിഞ്ഞു  പാർട്ടിയോട് വിയോജിച്ച് പ്രകടിപ്പിച്ചു തെരുവിലേക്ക് ഇറങ്ങിയവർ ഈ മുക്കുപണ്ടത്തെ പൊളിച്ചടുക്കിയപ്പോഴും ഞാൻ മാറിനിന്നത് എം വി ഗോവിന്ദനെപ്പോലെ അസാന്മാർഗിക പാതയിലൂടെ സഞ്ചരിക്കുന്ന ഒരാളല്ലല്ലോ കെ എൻ ബാലഗോപാൽ  എന്ന വിശ്വാസം കൊണ്ടാണ്. 
    എന്താണ് ഞാനീ പറഞ്ഞതിന്റെ പൊരുൾ  എന്നത് ബാലഗോപാലിന് അറിയാമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്.   പാർട്ടി ആസ്ഥാനത്തിന്റെ പോലും മഹത്വവും, പരിശുദ്ധിയും കളഞ്ഞു കുളിച്ച   സെക്രട്ടറിയുടെ താമസ കേന്ദ്രത്തിലെ ലീലാവിലാങ്ങൾ ഇവിടെ കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ. കാണാൻ പാടില്ലാത്തത് കണ്ടത് കൊണ്ട്  കത്തെഴുതിവെക്കുന്നു എന്നാണല്ലോ 40 വർഷത്തിലേറെ ഒപ്പം സേവിച്ചവൻ ആത്മഹത്യ ചെയ്തപ്പോൾ എഴുതിവെച്ചിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ തമ്മിൽ ഭേദം തൊമ്മനല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്. 
                   അതുകൊണ്ടാണ് ബാലഗോപാൽ എന്റെ ആക്രമണോൽ സുകതയിൽ നിന്ന് പുറത്തായിരുന്നത്. മാത്രമല്ല കൊല്ലത്ത് അഡ്വ ഐഷാ പോറ്റി പാർട്ടിയിൽ നിന്ന്,  നിന്ന നിൽപ്പിൽ മറുകണ്ടം ചാടി കോൺഗ്രസ് പതാക എടുത്തണിയുന്നത് കണ്ടപ്പോൾ അതിനെതിരെ "ദേശാഭിമാനി" എഴുതിയതിലും നിശിതമായ ഭാഷയിൽ പ്രതികരിച്ചയാളാണ് ഞാൻ. അഡ്വ ഐഷാ പോറ്റി എല്ലാം സെറ്റാക്കിവെച്ചിട്ട് എതിർ പാർട്ടിയുടെ പതാക എടുത്ത് പൊടുന്നനെ അണിയുന്നതിലായിരുന്നു എന്റെ വിയോജിപ്പ്. 
        അത് എന്റെയും ചങ്കായ,  എൻ എസ് കെട്ടിപ്പടുത്ത  പാർട്ടിയെ അധിക്ഷേപിക്കുന്നതായിരുന്നു. അത് കണ്ട് നിൽക്കാനാകില്ല   എനിക്ക് . അതുകൊണ്ടാകും എന്റേ പ്രതികരണത്തിന് ലക്ഷത്തിലേറെപേരുടെ  പിന്തുണ സോഷ്യൽ മീഡിയയിൽ ലഭിച്ചത്. അത് എനിക്കുള്ള പിന്തുണയല്ല. കടത്ത് വഞ്ചിയിൽ തൊണ്ടിൻ കെട്ടുകളുമായി പുഴയിലൂടെ സഞ്ചരിക്കുമ്പോളും ഏഴകൾക്ക് ഒരു സുദിനം സ്വപ്നം കണ്ടിരുന്ന എൻ എസിനോടുള്ള എന്റെ ഗുരുത്വം മാത്രമേ  അതിൽ ഉൽച്ചേർന്നിരുന്നുള്ളൂ. എൻ  എസ്   എവിടെയോ ഇരുന്ന് ഇതെല്ലാം കാണുന്നുണ്ടാവും.  
         പക്ഷേ ഇന്ന് ആശാ സമരത്തെ ശവത്തിൽ കുത്തും പോലെ ബാലഗോപാൽ പുച്ഛിച്ചത് കണ്ടപ്പോൾ എവിടെയൊക്കെ ബാലഗോപാലിനെ തുറന്ന് കാട്ടാൻ കഴിയുമോ അതിൽ ഒരു ദയയും ഇനി കാണിച്ചു കൂടാ എന്നെനിക്ക് ബോധ്യപ്പെട്ടു. സാർവ്വദേശീയമായി കാലാതിവർത്തിയായി ചരിത്രം രേഖപ്പെടുത്തുന്ന ഒരു സമരം ആയിരിക്കും അത്  ഇന്നലെയും ഇന്നും എന്നും. "ബലികുടീ രങ്ങളേ " എന്നു ജനഹൃദയങ്ങളിൽ നിന്ന് ഒഴുകിവരുന്ന  വിപ്ലവ ഗീതത്തോടൊപ്പം  ചേർത്ത് വയ്യ്ക്കാവുന്ന ഒരു പ്രക്ഷോഭത്തിന്റെ പൊൻ തിരികൾക്കാണ്  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ വെളിച്ചം തെളിച്ചത്. ഭരണത്തിലേക്ക്  വലതുകാൽ   വെക്കുമ്പോൾ ഒരു മുഖ്യമന്ത്രിക്ക് ഒരു നല്ല കണിക്ക് ഇതിൽപ്പരം എന്ത് വേണം? 
          വി എസ് പ്രകമ്പനം കൊള്ളിച്ച മൂന്നാർ പ്രക്ഷോഭം ഒഴിച്ച് നിർത്തിയാൽ,  കേരളത്തിൽ ദേശീയ സ്വാതന്ത്യസമരത്തിന്റെ  കടന്നുപോയ  പടവുകളിൽ ഏറ്റവും അവസാന പാദത്തിൽ കേരളം സാക്ഷ്യം വഹിച്ച ചരിത്ര പോരാട്ടമാണ് ഈ പ്രക്ഷോഭം. അതിന്റെ വിജയം മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതുമാണ്."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919