16 May, 2026 01:14:07 PM


ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ



തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നിർത്തുന്ന രീതിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കർശന നിലപാടിൽ. ഇത്തരം പ്രവൃത്തികൾ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് പോലീസ് ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എല്ലാ സ്റ്റേഷനുകളിലും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഉറപ്പാക്കണം.

ലോക്കപ്പുകളിൽ പ്രതികളെ വസ്ത്രങ്ങൾ അഴിപ്പിച്ച് നിർത്തുന്നത് മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് കാണിച്ച് അമരവിള സ്വദേശിയായ ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് ഈ നടപടി. വിഷയത്തിൽ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. പ്രതികളുടെ അവകാശങ്ങളും അന്തസ്സും ലംഘിക്കുന്ന തരത്തിലുള്ള യാതൊരു പ്രവൃത്തികളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് ആസ്ഥാനത്തുനിന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എ.ഡി.ജി.പി റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ ഉത്തരവുകൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ ഉറപ്പുനൽകുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935