18 May, 2026 12:15:53 PM


ടീം വി.ഡി.എസിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു



തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ 21 അംഗ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയ്ക്ക് ശേഷം രണ്ടാമനായാണ് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. മലപ്പുറത്തെ പ്രതിനിധീകരിച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി സഭയിലെത്തുന്നത്.

മന്ത്രിസഭയിലെ മൂന്നാമനായി മുതിർന്ന കോൺഗ്രസ് നേതാവും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പ്രതിനിധിയുമായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പ് ചെന്നിത്തലയാവും കൈകാര്യം ചെയ്യുക. ആഭ്യന്തരമന്ത്രി പദം ചെന്നിത്തലയെ തേടിയെത്തുന്നത് രണ്ടാം തവണയാണ്. 1982 ൽ 26ാം വയസിലാണ് ചെന്നിത്തല ഹരിപ്പാട് എംഎൽഎ ആകുന്നത്. 29ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന് വിശേഷണവും ഇദ്ദേഹത്തിന് സ്വന്തം.

കെപിസിസി തലപ്പത്ത് നിന്ന് പേരാവൂർ മണ്ഡലത്തിലെ നിയമസഭ സാമാജികനുമായ സണ്ണി ജോസഫും മന്ത്രിയായി അധികാരമേറ്റു. പേരാവൂരിൽ നിന്ന് നാലാം തവണയാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്. കെഎസ്‌യുവിലൂടെയായിരുന്നു സണ്ണി ജോസഫിൻ്റെ രാഷ്ട്രീയ പ്രവേശനം. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ മകനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. 14 തെരഞ്ഞെടുപ്പുകൾ നേരിട്ട മുരളീധരൻ ഇത് രണ്ടാം തവണയാണ് മന്ത്രിയാകുന്നത്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ നേതാവായ മോൻസ് ജോസഫും സത്യവാചകം ചൊല്ലി അധികാരമേറ്റു. മോൻസ് കടുത്തുരുത്തി പ്രതിനിധിയായിട്ടാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ആറ് തവണയാണ് ഇദ്ദേഹം നിയമസഭയിലേക്ക് ജയിച്ച് കയറിയിട്ടുള്ളത്. പി.ജെ. ജോസഫിൻ്റെ വിശ്വസ്തനാണ് മോൻസ് ജോസഫ്.

ഷിബു ബേബി ജോണും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചവറയിൽ നിന്ന് മൂന്നാം തവണയാണ് ഷിബു ബേബി ജോൺ വിജയിച്ചത്. 2011ലെ ഉമ്മൻചാണ്ടി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്നു. മുൻ മന്ത്രി ബേബി ജോണിൻ്റെ മകനാണ് ഷിബു.

പിറവത്ത് നിന്ന് തുടർച്ചയായി ജയിച്ചു കയറി വന്ന അനൂപ് ജേക്കബ് സത്യവാചകം ചൊല്ലി അധികാരമേറ്റു. അനൂപിന് ഇത് മന്ത്രിപദം രണ്ടാം തവണയാണ്. പിറവത്ത് നിന്ന് ചരിത്ര ഭൂരിപക്ഷം നേടിയാണ് അനൂപ് നിയമസഭയിലെത്തുന്നത്. മണ്ഡലത്തിലെ 'അയലത്തെ പയ്യൻ' എന്ന ഇമേജാണ് അനൂപിനുള്ളത്.

സി.പി. ജോണും അധികാരമേറ്റ് മന്ത്രിസഭയുടെ ഭാഗമായി. യുഡിഎഫിലെ ഭരണകാലങ്ങളിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായിരുന്നു സി.പി. ജോൺ. വണ്ടൂരിൽ നിന്ന് തുടർച്ചയായി ആറ് തവണ ജയിച്ചാണ് എ.പി. അനിൽ കുമാറും വി.ഡി. സതീശൻ മന്ത്രിസഭയുടെ ഭാഗമാകുന്നത്. ലീഗിൻ്റെ പ്രതിനിധിയായി എൻ. ഷംസുദ്ദീൻ അധികാരമേറ്റു. കോൺഗ്രസിൻ്റെ യുവമുഖമായ പി.സി വിഷ്ണുനാഥും മന്ത്രിസഭയുടെ ഭാഗമായി.

യുവ നേതാവും അങ്കമാലിയുടെ പ്രതിനിധിയുമായ റോജി.എം. ജോണും അധികാരമേറ്റു. കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റായിരുന്ന ബിന്ദു കൃഷ്ണ ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു. ഇടത് കോട്ട തകർത്ത് കായംകുളത്ത് നിന്ന് ആദ്യജയം കരസ്ഥമാക്കിയ എം. ലിജുവും മന്ത്രിസഭയുടെ ഭാഗമായി.

മുസ്ലീം ലീഗിൻ്റെ യുവമുഖമായ കെ.എം. ഷാജിയും അധികാരമേറ്റു. എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന പി.കെ ബഷീർ ഒടുവിൽ മന്ത്രിസഭയിലെത്തി. ഏറനാട് മണ്ഡലത്തെ നാല് തവണ പ്രതിനിധികരിച്ചിട്ടുണ്ട്. മുൻ മന്ത്രി പി. രാജീവിനെ തോല്‍പ്പിച്ച് കളമശേരിയിൽ നിന്ന് ജയിച്ചുകയറിയ വി.ഇ. അബ്ദുൽ ഗഫൂറും മന്ത്രിസഭയുടെ ഭാഗമായി.

രണ്ടാം വിജയത്തിൽ തന്നെ മന്ത്രിസഭയുടെ ഭാഗമായി ടി. സിദ്ദിഖ്. പാലക്കാട് ജില്ലയിലെ ആദ്യ വനിതാ മന്ത്രിയായി തുളസിയും ചരിത്രമെഴുതി. കന്നിപ്പോരാട്ടത്തിൽ ജയം നേടി മന്ത്രിസഭയിൽ പ്രവേശിച്ച ഒ.ജെ. ജനീഷ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്. ഒ.ജെ. ജനീഷാണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940