17 February, 2026 09:12:54 AM
എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം യൂട്യൂബേഴ്സ്; പൊട്ടിക്കരഞ്ഞ് രേഖ രതീഷ്

സർക്കാരിനോട് സഹായം അഭ്യർഥിച്ച് മലയാളം സീരിയൽ നടി രേഖ രതീഷ് പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വെളിപ്പെടുത്തുന്നു. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും രേഖ വീഡിയോയിൽ പറയുന്നു.
'പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ.
എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മർദം കാരണം ജീവിക്കാൻ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വീഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം. എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം', വീഡിയോയിലെ നടിയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസം രേഖ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായിരുന്നു. ''എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം'', എന്നാണ് രേഖ രതീഷ് ആ റീലിൽ പറയുന്നത്.




