16 February, 2026 11:23:29 AM
'ഈ അലവലാതിയെ ഇനിയും ചുമക്കണോ?'; മണിശങ്കർ അയ്യരെ അധിക്ഷേപിച്ച് ജിൻ്റോ ജോൺ

തിരുവനന്തപുരം: പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്ന പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി വക്താവ് ജിൻ്റോ ജോൺ. ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജിൻ്റോ ജോൺ ചോദിച്ചത്.
'കാലത്തോടും സാധാരണ മനുഷ്യരോടും ഒരു കാലത്തും ചേര്‍ന്നു നില്‍ക്കാത്തൊരു ബുദ്ധിജീവി! ഇയാളുടെ വിടുവായിത്തം കൊണ്ടുകൂടി അധികാരത്തില്‍ കയറിയ മോദിയെ താഴെയിറക്കാന്‍ ഒരു കോപ്പും ചെയ്യാനാവാത്ത ആളാണ് ഇപ്പോള്‍ 'കേരളത്തിലെ മോദി'യെ പുകഴ്ത്താന്‍ ഇറങ്ങിയത്. ഇയാള്‍ക്ക് കേരളത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേ? ഈ ശങ്കരയ്യരുടെ മണികിലുക്കം കേട്ട് പിണറായിസ്റ്റുകള്‍ ആരും തുള്ളണ്ട. സാധാരണക്കാരുടെ ജീവിതദുരിതങ്ങളുടെ നേരനുഭവങ്ങള്‍ ഇല്ലാത്ത അയ്യരല്ല മലയാളിയുടെ രാഷ്ട്രീയത്തിന് വിലയിടേണ്ടത്' എന്നായിരുന്നു ജിൻ്റോ ജോണിൻ്റെ അധിക്ഷേപ പരാമർശം.
അയ്യര്‍ ആണ് ശരിയെങ്കില്‍ സര്‍ക്കാരിന്റെ തെമ്മാടിത്തരങ്ങള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ ചെയ്ത് അതിക്രൂര മര്‍ദനങ്ങളും ജയില്‍വാസവും കേസുകളും നേരിടുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയൊക്കെ പോരാട്ടങ്ങള്‍ തെറ്റാകണ്ടേ? പുതുയുഗ യാത്ര തെറ്റാകണ്ടേ?. ലോക്സഭ, നിയമസഭ ഉപാതെരഞ്ഞെടുപ്പുകള്‍, തദ്ദേശ തെരഞ്ഞെടുപ്പുകളൊക്കെ സിപിഐഎമ്മിനെ തോല്‍പ്പിച്ച കേരളത്തിലെ സാധാരണ മനുഷ്യര്‍ തെറ്റായിരുന്നോയെന്നും ജിന്റോ ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ അലവലാതിയെ ഇനിയും ചുമക്കണോ? കാലത്തോടും സാധാരണ മനുഷ്യരോടും ഒരു കാലത്തും ചേര്‍ന്നു നില്‍ക്കാത്തൊരു ബുദ്ധിജീവി! ഇയാളുടെ വിടുവായിത്തം കൊണ്ടുകൂടി അധികാരത്തില്‍ കയറിയ മോദിയെ താഴെയിറക്കാന്‍ ഒരു കോപ്പും ചെയ്യാനാവാത്ത ആളാണ് ഇപ്പോള്‍ 'കേരളത്തിലെ മോദി'യെ പുകഴ്ത്താന്‍ ഇറങ്ങിയത്. ഇയാള്‍ക്ക് കേരളത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേ? ഈ ശങ്കരയ്യരുടെ മണികിലുക്കം കേട്ട് പിണറായിസ്റ്റുകള്‍ ആരും തുള്ളണ്ട. സാധാരണക്കാരുടെ ജീവിതദുരിതങ്ങളുടെ നേരനുഭവങ്ങള്‍ ഇല്ലാത്ത അയ്യരല്ല മലയാളിയുടെ രാഷ്ട്രീയത്തിന് വിലയിടേണ്ടത്. അയ്യര്‍ ആണ് ശരിയെങ്കില്‍ ഈ സര്‍ക്കാരിന്റെ തെമ്മാടിത്തരങ്ങള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ ചെയ്ത് അതിക്രൂര മര്‍ദ്ദനങ്ങളും ജയില്‍വാസവും കേസുകളും നേരിടുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയൊക്കെ പോരാട്ടങ്ങള്‍ തെറ്റാകണ്ടേ? പുതുയുഗ യാത്ര തെറ്റാകണ്ടേ? ലോകസഭ, നിയമസഭ ഉപാതിരഞ്ഞെടുപ്പുകള്‍, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒക്കെ സിപിഎമ്മിനെ തോല്‍പ്പിച്ച കേരളത്തിലെ സാധാരണ മനുഷ്യര്‍ തെറ്റായിരുന്നോ? ഒരിക്കലുമല്ല. മണിശങ്കര്‍ ആയ്യര്‍ തന്നെയാണ് തെറ്റ്. കാലിക രാഷ്ട്രീയത്തിന്റെ സാമാന്യബോധങ്ങള്‍ നഷ്ടപ്പെട്ട വലിയ തെറ്റ്. അയ്യരും അയ്യരുടെ വേണ്ടപ്പെട്ടവരുമല്ല, എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് പിണറായി വേട്ടയുടെ പക അറിയുന്നത്. ശീതള സുഖത്തില്‍ സൗകര്യപൂര്‍വ്വം ജീവിച്ചുകൊണ്ട് നില്‍ക്കുന്ന ഇടത്തെ ഒറ്റുകൊടുക്കുന്ന അയ്യരല്ല, ജീവിതാനുഭവങ്ങളില്‍ നിന്ന് ഈ സര്‍ക്കാരിനോട് 'കടക്ക് പുറത്ത്' എന്ന് അലമുറയിടുന്ന സാധാരണ മനുഷ്യരാണ് കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ നാവ്.
ഗാന്ധിജി കണ്ട സ്വപ്നം പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് പോലുള്ള കൊള്ളയടിയും തെമ്മാടിത്തരങ്ങളും വ്യാജ പ്രചരണങ്ങളുമല്ല. അവസാനത്തെ മനുഷ്യരെ വരെ ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യ ഉള്‍ചേര്‍ക്കല്‍ ആണ്. സാധാരണ പൗരരെ ആട്ടിയോടിച്ചിട്ട് പൗരപ്രമുഖര്‍ക്ക് സത്ക്കാരം നടത്തുന്ന ഫാസിസ്റ്റിനെ പുകഴ്ത്തുന്നത് ഗാന്ധിയോട് ഉപമിച്ചല്ല ചെയ്യേണ്ടത്. പ്രത്യയശാസ്ത്രപരമായ ദ്രോഹമാണത്. സാധാരണക്കാരെ മുതല്‍ ശബരിമല ശാസ്താവിനെ വരെ കൊള്ളയടിക്കുന്ന, മനുഷ്യരെ ജാതി -മത -വര്‍ഗ്ഗീയ -വിദ്വേഷ രാഷ്ട്രീയത്തിന്റെ സാധ്യതയില്‍ ഒറ്റുകൊടുക്കുന്ന പിണറായി സര്‍ക്കാരിന് ഒരു ഊഴം ഇനിയില്ല. അത് ഏത് അയ്യരെ കൊണ്ട് തത്തപേച്ച് നടത്തിച്ചാലും തീര്‍ച്ചയാണ്. അയ്യര്‍ക്ക് വിശ്രമമാകാം. സ്ഥലകാല വിഭ്രമത്തിന് മരുന്ന് വാങ്ങിക്കണം. നെല്ലിക്കാത്തളം നല്ലതാകാം.
NB- അലവലാതി means പ്രത്യയശാസ്ത്ര ദാരിദ്രൻ. രാഷ്ട്രീയ നിസ്സാരൻ. (Edited for പ്രേക്ഷകർക്കുള്ള clarity
പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്നായിരുന്നു കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞത്. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യർ പറഞ്ഞത്. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചിരുന്നു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.




