11 February, 2026 01:04:42 PM
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്അ ന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
ജനുവരി പതിനേഴിനാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്. എന്നാൽ ബസില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തിൽ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത. 'വെറുതെ ഒന്നും പറയില്ലല്ലോ' എന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷിംജിതയുടെ പ്രതികരണം.




