22 January, 2026 03:44:39 PM
ആക്കുളം കായലില്‍ യുവാവിന്റെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: ആക്കുളം കായലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 30 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ആക്കുളം കായലിന്റെ സമീപത്തെ പാലത്തില്‍ നിന്ന് ഒരാള്‍ ചാടിയതായി വിവരം ലഭിച്ചിരുന്നു. സമീപവാസികളാണ് ഇക്കാര്യം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. തുടര്‍ന്ന് ചാക്ക ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് വീണ്ടും പരിശോധന നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ച ആളെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.




