31 December, 2025 10:05:00 AM
ട്യൂഷൻ ക്ലാസിലെ പരീക്ഷയിൽ രണ്ട് മാർക്ക് കുറഞ്ഞു; വിദ്യാർഥിക്ക് അധ്യാപകന്‍റെ ക്രൂരമർദനം

കൊല്ലം: പരീക്ഷയിൽ രണ്ട് മാർക്ക് കുറഞ്ഞതിന് അഞ്ചലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകൻ. ഏരൂർ നെട്ടയത്ത് പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിദ്യാർത്ഥിയെ തല്ലിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
ട്യൂഷൻ സെന്ററിലെ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ നാല്പതിൽ 38 മാർക്കാണ് കുട്ടിക്ക് ലഭിച്ചത്. പിന്നാലെ മാർക്ക് കുറഞ്ഞുവെന്ന് പറഞ്ഞ് ട്യൂഷൻ സെന്റർ ഉടമയും കെഎസ്ആർടിസി ജീവനക്കാരനുമായ രാജീവ് വിദ്യാത്ഥിയെ മർദിക്കുകയായിരുന്നു. വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെയുള്ള ക്ലാസിലായിരുന്നു മർദനം.
കൈവിരൽ ഒടിഞ്ഞ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ രക്ഷിതാക്കൾ പ്രതിഷേധവുമായെത്തി ട്യൂഷൻ സെന്ററിന്റെ പ്രവർത്തനം തടഞ്ഞു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു.




