11 January, 2026 06:52:59 PM


ആരോഗ്യനില തൃപ്തികരം; തന്ത്രി കണ്ഠരര് രാജീവരെ ജയിലിലേക്ക് മാറ്റി



തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഐസിയുവിലായിരുന്ന തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യപരിശോധനയിൽ ആരോഗ്യാവസ്ഥ സാധാരനിലയിലായി എന്ന് കണ്ടെത്തിയതോടെയാണ് തന്ത്രിയെ ജയിലിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത തന്ത്രിയെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്കാണ് തിരികെ കൊണ്ടുപോയത്.

ഇന്നലെ ഉച്ചയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ തന്ത്രിയെ മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റിയത്. രാവിലെ ജയിലിൽ വെച്ചാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് തന്ത്രിയുടെ ഇസിജി അടക്കമുള്ളവ പരിശോധിച്ചു. ഹൃദയസംബന്ധമായ പ്രശനങ്ങൾ അറിയാനുള്ള ഡ്രോപ്പ് ടെസ്റ്റും നടത്തിയിരുന്നു.

എന്നാൽ ഫലം വന്നപ്പോൾ ഡ്രോപ്പ് ടെസ്റ്റിൽ ഡോക്ടർമാർ ചില പ്രശ്നങ്ങൾ കണ്ടെത്തൂകയായിരുന്നു. ഇതിൽ കൂടുതൽ പരിശോധനകൾ നടത്താനായാണ് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ കാർഡിഗോളജി വിഭാഗം മേധാവി തന്ത്രിയെ പരിശോധിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്കും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ തന്ത്രിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒൻപതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമായി പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924