22 January, 2026 01:08:19 PM
സുജാ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

കൊല്ലം: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു. നേരത്തെ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷാ പറ്റി പറഞ്ഞ കാര്യങ്ങളിൽ അതേ നിലപാടാണ് ഉള്ളതെന്നാണ് ലീഗിൽ ചേർന്ന് ശേഷമുള്ള സുജ ചന്ദ്രബാബുവിൻ്റെ പ്രതികരണം. സിപിഐഎമ്മിൽ നിന്ന് അവഗണിക്കുന്നെന്ന കാര്യം പറഞ്ഞപ്പോൾ ജില്ലാ നേതൃത്വം ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും സുജ പറഞ്ഞു.
ലീഗിലേക്കുള്ള പ്രവേശനം സ്വന്തമായെടുത്ത തീരുമാനമാണെന്ന് സുജ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു വിധ വാഗ്‌ദാനങ്ങളുടേയും പുറത്തല്ല ലീഗിൽ ചേർന്നിരിക്കുന്നത്. നിരുപാധികമായി ലീഗിൽ പ്രവർത്തിക്കാനാണ് തീരുമാനം. എല്ലാവരെയും ഒരുപോലെ കാണുന്ന, മതനിരപേക്ഷതയിൽ ഊന്നി നിൽക്കുന്ന പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് വിശ്വസിക്കുന്നെന്നും സുജ ചന്ദ്രബാബു പറഞ്ഞു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ സുജ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് കൂടിയായിരുന്നു. മൂന്ന് വട്ടം അഞ്ചൽ പഞ്ചായത്ത് പ്രസിഡൻ്റായും ഒരു തവണ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.




