19 January, 2026 04:29:41 PM
ദീപക്കിന്റെ ആത്മഹത്യ: വീഡിയോ പങ്കുവച്ച യുവതിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി കുടുംബം

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം. യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ആരോപിച്ചത്. കോഴിക്കോട്ടെ വസ്ത്ര വ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരില്‍ പോയിരുന്നു. ഈ സമയം അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് യുവതി വീഡിയോ പങ്കുവെച്ചത്.
വ്യക്തിഹത്യയെ തുടർന്നുള്ള മാനസിക സമ്മർദം കാരണമാണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീതി കിട്ടും വരെ പോരാടുമെന്നുമാണ് കുടുംബം പറയുന്നത്.




