04 February, 2026 12:54:14 PM


കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; കുത്തിയിരുന്ന് പ്രതിഷേധം



കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ലെന്ന് പരാതി. നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരം ഗേറ്റ് കീപ്പർ അധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞു എന്നാണ് ആരോപണം. പ്രധാന അധ്യാപിക സിന്ധു എസ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇന്ന് രാവിലെ സ്‌കൂളിൽ ഒമ്പത് മണിയോടെ എത്തിയപ്പോഴായിരുന്നു അധ്യാപികയെ 
വിലക്കിയത്.

അധ്യാപികയെ പ്രവേശിപ്പിക്കേണ്ടെന്ന മാനേജറിന്റെ നിർദേശപ്രകാരമാണ് തടഞ്ഞതെന്നാണ് ഗേറ്റ് കീപ്പർ പറഞ്ഞത്. അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്‌കൂൾ മാനേജരുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാർ ചുരിദാർ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്‌കൂൾ ഗേറ്റിന് മുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K